മലപ്പുറം: ഡല്‍ഹിയില്‍ ആസ്ഥാന മന്ദിരമെന്ന മുസ്‌ലിംലീഗിന്റെ സ്വപ്‌ന പദ്ധതി വന്‍ വിജയമാക്കുന്നതിന് മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് നാഷണല്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാനും കേരള സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് രാജ്യതലസ്ഥാനത്ത് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അസ്തിത്വ സംരക്ഷണം ഉറപ്പ് വരുത്താനും മുസ്‌ലിം, പിന്നാക്ക, ദലിത് രാഷ്ട്രീയ മുന്നേറ്റത്തിനുമുള്ള ആസ്ഥാനമായി ആസ്ഥാനമന്ദിരമായ ഖാഇദെ മില്ലത്ത് സെന്റര്‍ പ്രവര്‍ത്തിക്കും.
ഖാഇദെ മില്ലത്ത് സെന്ററിനു വേണ്ടി ഫണ്ട് സമാഹരണത്തിന് കേരള സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ക്യാമ്പയിന്‍ നടന്നുവരികയാണ്. ഈ ക്യാമ്പയിന്‍ വന്‍ വിജയമാക്കുന്നതിന് മുഴുവന്‍ ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം. കേരളത്തിലെ മുഴുവന്‍ മുസ്‌ലിംലീഗ് കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഈ ഉദ്യമത്തില്‍ പങ്കെടുക്കണം. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ശാഖാ കമ്മിറ്റികള്‍ മുതല്‍ നടത്തണം. ജൂലൈ ഒന്ന് മുതല്‍ 31 വരെയാണ് ഓണ്‍ലൈന്‍ ഫണ്ട് സമാഹരണം. ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള നാഴികക്കല്ലായി മാറാന്‍ ഖാഇദെ മില്ലത്ത് സെന്ററിന് സാധിക്കുമെന്ന കാര്യം ഉറപ്പാണെന്ന് തങ്ങള്‍ പറഞ്ഞു.