മലപ്പുറം: ഈ മാസം 15 മുതല്‍ ഒക്ടോബര്‍ 10 വരെ നടക്കുന്ന ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ വന്‍ വിജയമാക്കുന്നതിന് രംഗത്തിറങ്ങാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെയും ജനതയുടെയും സര്‍വതോന്മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 87 വര്‍ഷമായി നിരന്തരം പ്രയത്‌നിച്ചുപോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ‘ചന്ദ്രിക’ യുടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ മുസ്‌ലിംലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും മുന്നിട്ടിറങ്ങണം.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലം മുതല്‍ ഭരണകൂടങ്ങളുടെ അവഗണനക്കും അവകാശ നിഷേധങ്ങള്‍ക്കും വിധേയമായി ഇരുളില്‍ കഴിയേണ്ടിവന്ന ജനവിഭാഗങ്ങളില്‍ അറിവും ആത്മബലവും പകര്‍ന്ന്, അവരെ രാഷ്ട്രീയ പ്രബുദ്ധവും സംഘടിത ശക്തിയുമാക്കി മാറ്റുന്നതില്‍ ഇക്കാലമത്രയും ചന്ദ്രിക വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയിലും സര്‍വ തുറകളിലുമുള്ള വികസനത്തിലും അതുല്യ സംഭാവനകളര്‍പ്പിച്ചതാണ് ചന്ദ്രികയുടെ കര്‍മ്മപഥം.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാമൂഹിക പൊതുമണ്ഡലം പ്രശ്‌ന സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി നാടിനെ കടുത്ത വിഷമവൃത്തത്തിലാക്കിയിരിക്കുന്നു. ഇത്തരം ആപത്ഘട്ടങ്ങളില്‍ ആശ്വാസം പകരുകയും ജനങ്ങളുടെ ക്ഷേമൈശ്വര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ഭരണകൂടങ്ങള്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി മുഖം നഷ്ടപ്പെട്ടുകിടക്കുകയാണ്. ഉപജീവനമാര്‍ഗം പോലും നഷ്ടമാവുകയും ഭാവിതലമുറയുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ പോലും അവതാളത്തിലാവുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കാര്‍ കടുത്ത ഫാസിസ്റ്റ് നടപടികള്‍ കൈക്കൊണ്ടു മുന്നോട്ടുപോകുന്നു. ജനവിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഇത്തരം രാഷ്ട്രീയ സമീപനങ്ങളെ തുറന്നുകാണിക്കാനും വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകള്‍ ലോകത്തിന് മുന്നില്‍ അറിയിക്കാനും ആദര്‍ശ ധീരതയാര്‍ന്ന മാധ്യമ പ്രവര്‍ത്തനവും മാധ്യമങ്ങളും അനിവാര്യമാണ്. അധികാര കേന്ദ്രങ്ങളുടെ തിന്മകളോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറുകയാണ് ചന്ദ്രിക. ഈ പ്രയാണത്തിന് കരുത്തേകണം – തങ്ങള്‍ പറഞ്ഞു.