X

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കണോ-എഡിറ്റോറിയല്‍

സംസ്ഥാനത്ത് പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവുമൂലം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉപരിപഠനം നിഷേധിക്കപ്പെടാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇന്നലെ രണ്ടാംഘട്ട അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മെറിറ്റില്‍ വെറും 655 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് വിവരം. ഇതനുസരിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ മിടുക്കര്‍ക്കുപോലും ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ പ്രവേശനം കിട്ടാതെ പോകുമെന്നുറപ്പാണ്. മാനേജ്‌മെന്റുകള്‍ പണം വാങ്ങി നല്‍കുന്ന സീറ്റുകളാണ് ഇനി ആശ്രയം.

പക്ഷേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും ധിക്കാരപൂര്‍വമായ മറുപടിയാണ് പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യ മാനേജ്‌മെന്റുകളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഭാവി തലമുറയോട് ഭരണകൂടം കാട്ടുന്ന അനീതിയാണിത്. ജൂലൈ 15ന് എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നയുടന്‍തന്നെ വിവിധ ജില്ലകളില്‍നിന്ന് സീറ്റിന്റെ അപര്യാപ്തതയെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നതാണ്. ഇതേക്കുറിച്ച് സര്‍ക്കാരിനുമേല്‍ കുട്ടികളും രക്ഷിതാക്കളും പ്രതിപക്ഷ കക്ഷികളും സമ്മര്‍ദം ചെലുത്തിയെങ്കില്‍ മാത്രമേ സീറ്റുകള്‍ വര്‍ധിപ്പിക്കൂ എന്നതാണ് സ്ഥിതി. ഇതനുസരിച്ച് ഇത്തവണ 20 ശതമാനം സീറ്റുകള്‍ വടക്കന്‍ ജില്ലകളിലും പത്തുശതമാനം തെക്കന്‍ ജില്ലകളിലും അനുവദിച്ചെങ്കിലും പുതിയബാച്ചുകള്‍ അനുവദിക്കാതെ എല്ലാ കുട്ടികള്‍ക്കും സീറ്റ് ലഭിക്കില്ലെന്ന് സര്‍ക്കാരിനുതന്നെ അറിവുള്ളതാണ്.

ഇത്തവണ കോവിഡ് കണക്കിലെടുത്ത് ഉദാരമായി പരീക്ഷകള്‍ നടത്തുകയും മാര്‍ക്ക് നല്‍കുകയും ചെയ്തതോടെ 99.47 ശതമാനം കുട്ടികളാണ് പത്താംതരം കടന്നത്- 41,96,51 കുട്ടികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനമാണ് അധികവിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചവരുടെ സംഖ്യ സര്‍വകാല റെക്കോര്‍ഡാണ്-1,21,318. 2020ല്‍ ഇത് 41,906 മാത്രമായിരുന്നു. ഇവര്‍ക്കായി മതിയായ എണ്ണം പ്ലസ്‌വണ്‍ സീറ്റുകള്‍ വേണമെന്ന ആവശ്യമുയര്‍ന്നത് വടക്കന്‍ ജില്ലകളില്‍നിന്നാണ്. പതിവുപോലെ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് പ്ലസ്‌വണ്‍ സീറ്റുകളുടെ ഗണ്യമായ കുറവനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം നിയമസഭയില്‍ സി.പി.എം പ്രതിനിധിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ പോലും ആവശ്യപ്പെട്ടിട്ടും സീറ്റെല്ലാം തികയുമെന്ന ധിക്കാരപൂര്‍വമായ മറുപടിയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നുണ്ടായത്. ഉപജില്ലാതലങ്ങളില്‍ സീറ്റുകളുടെ സംഖ്യ തിട്ടപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശമാണ് ശൈലജയും ഉന്നയിച്ചത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്‌വണ്ണിന് പുറത്താകാന്‍ പോകുന്നത്. പത്താംതരം വിജയിച്ച 75,257 കുട്ടികള്‍ക്കായി ജില്ലയിലാകെയുള്ളത് 50,340 സീറ്റുകളാണ്. മലബാര്‍ ജില്ലകളില്‍ 1,99,276 സീറ്റുകളുള്ളതില്‍ ഈയിടെ വര്‍ധിപ്പിച്ച 20 ശതമാനം കൂട്ടിയാല്‍പോലും നാല്‍പതിനായിരത്തോളമേ അധികമാകുന്നുള്ളൂ. എന്നിട്ടും അര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടങ്ങളില്‍ പുറത്തുനില്‍ക്കേണ്ടിവരും. പ്രവേശനത്തിന് ഇനിയുള്ളത് സപ്ലിമെന്ററി പട്ടികമാത്രമാണ്. നിലവില്‍ വിജയിച്ചവരില്‍ പകുതിപേര്‍ക്ക് മാത്രമാണ് പ്രവേശനം സാധ്യമായിട്ടുള്ളത്. ഇനി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടു ലക്ഷത്തോളവും- 1,95,706. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ബാക്കികിടക്കുകയും മറ്റു ജില്ലകളില്‍ തികയാതെ വരികയും ചെയ്യുന്നത് പരിഗണിക്കാതെ മൊത്തംസീറ്റുകളുടെ എണ്ണത്തെക്കുറിച്ചാണ ്മന്ത്രി വാചാലനാകുന്നത്. ബാക്കിയുള്ള കുട്ടികള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കട്ടെ എന്നാണ ്മന്ത്രി പറയുന്നത്. ഓരോ കുട്ടിയുടെയും രക്ഷിതാക്കളുടെയും ആഗ്രഹമാണ് ഇഷ്ടപ്പെട്ട കോഴ്‌സുകളില്‍ ചേര്‍ന്ന് ജീവിതമാല്‍സര്യത്തില്‍ വിജയിക്കുകയെന്നത്. ഇഷ്ടപ്പെട്ട കോഴ്‌സ് കിട്ടിയാല്‍തന്നെയും തൊഴില്‍സാധ്യതയില്ലാത്ത കാലത്ത് മാര്‍ക്ക് കുറഞ്ഞ കുട്ടികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന വാശിയെന്തിനാണ്. സര്‍ക്കാരിന് പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ മറ്റു ജില്ലകളിലെ ശിഷ്ടം വരുന്ന സീറ്റുകളെന്തുകൊണ്ട് തികയാത്ത ജില്ലകളിലേക്ക് അനുവദിക്കുന്നില്ല? മലബാറിനോടുള്ള ഭരണകൂടത്തിന്റെ അവഗണനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടാല്‍ കുറ്റപ്പെടുത്താനാകുമോ? നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ ശിക്ഷ കാത്തിരിക്കുന്നയാളെ പരിപാവനമായ വിദ്യാഭ്യാസ വകുപ്പ് ഏല്‍പിച്ചതിന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയതുപോലെ, മുഖ്യമന്ത്രിയോട് നല്ല നമസ്‌കാരം പറയണം! മഹാമാരി കാലത്തും അധ്യാപകരുടെ നേരിട്ടുള്ള ക്ലാസില്ലാതെ കിട്ടിയ പരിമിതമായ സൗകര്യത്തിലൂടെ കഠിനാധ്വാനം ചെയ്ത് പഠിച്ച് വിജയം കൈവരിച്ച മിടുക്കരോട് സര്‍ക്കാര്‍ കാട്ടുന്ന അനീതിയെ ഇനിയെന്തു പറഞ്ഞാണ് ന്യായീകരിക്കുക. പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് വായടിക്കുന്നവരുടെ വികൃത മുഖമാണിവിടെ കാണുന്നത്. പിണറായിയും കൂട്ടരും ഹെലികോപ്റ്ററിനും മറ്റുമായി ചെലവഴിച്ച കോടികളുടെ ധൂര്‍ത്തില്‍ നിന്നൊരുഭാഗം മതിയാകും പുതിയ ബാച്ചുകളിലൂടെ ഈ കുട്ടികളുടെ ഭാവി ഭദ്രമാകാന്‍. പക്ഷേ അതിനുള്ള ആര്‍ജവവും ഇച്ഛാശക്തിയുമാണ് ഭരണാധികാരില്‍നിന്നുണ്ടാകേണ്ടത്. പിണറായി വിജയന്‍ ആദ്യമായി അധികാരത്തിലേറിയ 2016ല്‍ നിയമസഭക്ക് നല്‍കിയ ഉറപ്പാണ് പ്രശ്‌നത്തിന് ‘ഘടനാപരമായ പരിഹാരം ഉണ്ടാകു’മെന്നത്. അതദ്ദേഹത്തെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കട്ടെ.

 

Test User: