വിമാന യാത്രക്കാരോടുള്ള സമീപനത്തില്‍ ഗണ്യമായ മാറ്റം വരുത്തിക്കൊണ്ട് ഒരു സഞ്ചാരിസൗഹൃദ സംവിധാനത്തിന് രൂപം നല്‍കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. സിവില്‍ ഏവിയേഷന്‍ വകുപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയൊക്കെ പറഞ്ഞിട്ടും കാലമേറെ കഴിഞ്ഞിട്ടും വിമാനയാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അറുതിവരുത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കാരെ പരിഗണിച്ചുകൊണ്ടുള്ള നടപടിയാണ് അനിവാര്യമായിരിക്കുന്നത്. യാത്രക്കാര്‍ക്ക് പലവിധങ്ങളായ പരാതികള്‍ ഉണ്ട്. അതിനു പരിഹാരം കാണാനായി ഫലപ്രദമായ ഒരു പബ്ലിക് ഗ്രിവന്‍സ് റെഡ്രസല്‍ സിസ്റ്റം ഏര്‍പ്പെടുത്തണം.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയവിമാനങ്ങളുടെ സര്‍വീസ് എത്രയും വേഗത്തില്‍ പുനരാരംഭിക്കുന്നത് തന്നെയാണ് വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ അടിയന്തിരാവശ്യമെന്ന് സമദാനി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച വലിയവിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഏറെ വൈകിപ്പോയി. ജനങ്ങള്‍ കാത്തിരുന്നു മടുത്തു. ‘മരണശേഷവും എന്റെ കണ്ണുകള്‍ തുറന്നേ കിടന്നു കണ്ണുകള്‍ക്ക് കാത്തിരിപ്പ് അത്രത്തോളം ശീലമായി കഴിഞ്ഞിരുന്നു’ ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഏറെക്കാലമായി നിരന്തരമായി ആവശ്യപ്പെട്ടു വരുകയാണ്. ഇനിയും വൈകാതെ അതിനു നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യാത്രക്കാരുടെ വാര്‍ഷിക ഗതാഗതത്തിന്റെ കണക്ക് നോക്കിയാണ് സ്വകാര്യവല്‍ക്കരണത്തിന് വിമാനത്താവളങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായതെന്നും സമദാനി പറഞ്ഞു. വര്‍ഷംതോറും 0.4 മില്ല്യണ്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരണത്തിന് തെരഞ്ഞെടുത്തതെന്നും അധികൃതര്‍ വിശദീകരിക്കുകയുണ്ടായി. അതനുസരിച്ചു നാഗ്പൂര്‍, വരാണസി, ഡറാഡൂണ്‍, ട്രിച്ചി, ഇന്‍ഡോര്‍, ചെന്നൈ,കോയമ്പത്തൂര്‍ എന്നീ വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ കോഴിക്കോടും ഉള്‍പ്പെട്ടതായി സര്‍ക്കാര്‍ തന്നെ പറയുന്നു. എന്നിട്ടും ദേശീയ വരുമാനത്തിലേക്ക് ഇത്രയേറെ മുതല്‍ കൂട്ടുന്ന കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തെ ഇപ്രകാരം അവഗണിക്കുന്നതെന്താണെന്നു സമദാനി ചോദിച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണം. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസന സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനായി സംസ്ഥാന സര്‍ക്കാരിനെ കൂടി ബന്ധപെടുത്തികൊണ്ടുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അവിടെ ഡൊമസ്റ്റിക് കാര്‍ഗോയും ഇന്റര്‍നാഷണല്‍ കാര്‍ഗോയും എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ ഏറ്റെടുത്തു നടത്തണം. കോഴിക്കോട് നിന്നും കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാനും നടപടി ഉണ്ടാകണം.
വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ നീതികരിക്കാവുന്നല്ല. ഏപ്രില്‍ ഒന്നുമുതല്‍ ഇത് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു. സാധാരണക്കാരുടെ യാത്രാസൗകര്യങ്ങളോട് പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ടാണ് ഉദാന്‍ (UDAN) പരിപാടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. അവരോട് യഥാര്‍ത്ഥത്തില്‍ കൂറുണ്ടെങ്കില്‍ അവരെ പിഴിയുന്ന യൂസേഴ്‌സ് ഫീ അവസാനിപ്പിക്കണം. ഉപഭോക്താക്കളായ യാത്രക്കാര്‍ ടിക്കറ്റ് വഴി നല്‍കുന്ന വരുമാനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നിട്ടും വിമാനത്താവളം ഉപയോഗിക്കുന്നത്തിനു വേണ്ടി സാധാരണ പൗരന്‍മാരെ ചൂഷണം ചെയ്യുന്നത്തിന് ന്യായീകരണമില്ല. ഉദാന്‍ ( UDAN ) സ്‌കീം പ്രാവര്‍ത്തികമാക്കണമെങ്കില്‍ കുറഞ്ഞ ചിലവിലുള്ള യാത്ര വിപുലപ്പെടുത്താന്‍ സാധിക്കണം. പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും വ്യോമയാന സംബന്ധിയായ സൗകര്യങ്ങള്‍ വികസിപ്പിക്കാനും നടപടി സ്വീകരിക്കണം. വിമാനയാത്രക്കാരുടെ ചിലവ് ചുരുക്കി യാത്ര വിപുലമാക്കാനുള്ള സാഹചര്യമുണ്ടാകണം. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ആഭ്യന്തര സര്‍വീസുകളും രാജ്യാന്തര സര്‍വീസുകളും വര്‍ധിപ്പിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
റെസയുടെ വിപുലീകരണത്തിനായി റണ്‍വേയുടെ നീളം കുറക്കുന്ന നിര്‍ദേശം തള്ളിക്കളയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിച്ചു പ്രസ്തുത നിര്‍ദ്ദേശം തള്ളിക്കളഞ്ഞ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് സമദാനി നന്ദി പറഞ്ഞു. ഈയാവശ്യം പരിഗണിച്ചതുപോലെ വലിയവിമാന സര്‍വീസ് തുടങ്ങാനുള്ള നിരന്തരമായ ആവശ്യവും ഉടന്‍ പരിഹാരം കാണണമെന്ന് സമദാനി സഭയിലുണ്ടായിരുന്ന മന്ത്രിയോട് ആവശ്യപ്പെട്ടു.