X

പുതുപ്പള്ളിയിലെ ഭൂരിപക്ഷം: ഞെട്ടൽ മാറാതെ സിപിഎം; മുഖ്യമന്ത്രിയെ നോക്കി നേതാക്കളും അണികളും

കെ .പി ജലീൽ

പുതുപ്പള്ളിയിൽ സംഭവിച്ച വൻ തോൽവിക്ക് ഉത്തരവാദിയാര് ഈ ചോദ്യത്തിന് മറുപടി കാത്തിരിക്കുകയാണ് കേരളത്തിലെ സിപിഎം നേതാക്കളും അണികളും. പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മുഖ്യമന്ത്രി പിണറായി വിജയൻ നിലകൊള്ളുമ്പോൾ അദ്ദേഹത്തിന് ആര് മണികെട്ടും എന്ന ചോദ്യമാണ് അടക്കം പറച്ചിൽ ആയി സിപിഎമ്മിനുള്ളിൽ ഉയർന്നിരിക്കുന്നത് .സിപിഐ പരോക്ഷമായി പ്രതികരിച്ചെങ്കിലും സിപിഎമ്മിനകത്ത് നിന്ന് ആരും മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചിട്ടില്ല. സർക്കാരിൻറെ ദോഷങ്ങളാണ് വൻ തിരിച്ചടിക്ക് കാരണമെന്നാണ് അണികളിൽ പലരും ധരിക്കുന്നത്.

പുതുപ്പള്ളിയിൽ തോൽവി ഏതാണ്ട് ഉറപ്പാണെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. വിജയിച്ചാലും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മാത്രം വ്യത്യാസമേ ഉണ്ടാവു എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. അണികളും ഇത് ഏറ്റുപിടിച്ചിരുന്നു. സഹതാപ തരംഗം യുഡിഎഫിന് അനുകൂലമാകുമെന്ന് പ്രചരിപ്പിച്ചെങ്കിലും ഭരണവിരുദ്ധ വികാരം കൂടി ചേർന്നാണ് കനത്ത തോൽവിയിലേക്ക് സിപിഎം സ്ഥാനാർത്ഥി എത്തിച്ചേർന്നത് .മൂന്നുതവണ ഒരേ മണ്ഡലത്തിൽ തോൽക്കുന്ന അപഖ്യാതി ജയ്ക് സി തോമസിന് വരുത്തിവെച്ചത് സിപിഎം നേതൃത്വത്തിലെ ചിലരെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സർക്കാരിനെതിരെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ഉയർന്നിരിക്കുന്ന ആരോപണങ്ങൾ നേരിടനാവാതെ കുഴങ്ങുകയായിരുന്നു പാർട്ടി അണികൾ. പ്രചാരണത്തിൽ നേരിട്ട് എത്തിയപ്പോഴും പിണറായി വിജയൻ ഇതിന് വ്യക്തമായ മറുപടി പറഞ്ഞില്ല.

ഓണക്കാലത്തെ ‘പൊളിവചനങ്ങൾ ‘എന്നു മാത്രമാണ് അദ്ദേഹം പ്രചാരണ യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ പറഞ്ഞത് . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങി എന്ന കേന്ദ്രസർക്കാരിലെ ഏജൻസി തന്നെ വ്യക്തമാക്കിയിട്ടും അതിനു മറുപടി നൽകാൻ കഴിഞ്ഞില്ല എന്നത് അണികളെയും വോട്ടർമാരെയും സംശയത്തിലാക്കിയിരുന്നു .കഴിഞ്ഞ ആറുമാസത്തോളമായി മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാതിരുന്നതും ചർച്ചാവിഷയമാണ്. ഒന്നാം പിണറായി സർക്കാരിലെ പ്രമുഖരായ മന്ത്രിമാർ പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ പ്രതിരോധം തീർത്തപ്പോൾ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലരും പരിചയസമ്പത്ത് കുറഞ്ഞവരും ചെറുപ്പക്കാരുമാണ് .പിണറായിയെ പ്രതിരോധിക്കാൻ മന്ത്രിമാർ തയ്യാറാവുന്നില്ല എന്ന് മരുമകൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരസ്യമായി പ്രതികരിച്ചിട്ടും പലരും അനങ്ങിയിട്ടില്ല. തോൽവിയുടെ ആഘാതം മാറ്റാൻ എന്തു വഴി എന്ന് ആലോചന പോലും സിപിഎമ്മിനകത്ത് ഇപ്പോഴും നടക്കുന്നില്ല. മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെ അടക്കം പറയുന്നത് .അദ്ദേഹം മൗനം തുടരുമ്പോൾ അണികൾ ആകെ നിശ്ചലരാണ് .പൂർണമായും സഹതാപ തരംഗം എന്നു പറയാൻ ആവില്ലെന്ന് ബേബി പോലും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പോരായ്മകൾ പരിശോധിക്കും, ഉമ്മൻചാണ്ടിയുടെ ജനകീയ ശൈലിയാണ് കാരണം എന്നീ പ്രസ്താവനകൾ പരസ്യമായാണ് എം എ ബേബി നടത്തിയത്. മറ്റ് നേതാങ്ങളായ എം വി ഗോവിന്ദനും എ വിജയരാഘവനും ഇതുപോലും പറയാൻ തയ്യാറായില്ല .

ചോദ്യങ്ങൾക്ക് ബിജെപി ബന്ധം എന്ന ഒഴുക്കൻ മറുപടി മാത്രമാണ് സിപിഎം നേതാക്കൾ പറയുന്നത്. ബിജെപിക്ക് 5000ത്തിലധികം വോട്ടുകൾ കുറഞ്ഞെങ്കിലും മുപ്പത്തിയേഴായിരത്തിലധികം ഭൂരിപക്ഷം എങ്ങനെ യുഡിഎഫിന് ലഭിച്ചെന്ന് മറുപടി പറയാൻ അണികൾക്ക് കഴിയുന്നില്ല. പന്ത്രണ്ടായിരത്തോളം വോട്ടാണ് ജയ്ക് സി തോമസിനെ കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞിരിക്കുന്നത് .തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടുകൾ കുറഞ്ഞില്ലെന്ന വാദം പോലും പറയാൻ ഇത്തവണ കഴിയുന്നില്ല .ഈ അവസ്ഥ എത്ര കാലം എന്നതാണ് ചോദ്യം .സഹതാപ തരംഗം പറയുമ്പോഴും ത്രിപുരയിലെ സിപിഎം സ്ഥാനാർത്ഥി പിതാവ് മരണപ്പെട്ട ഒഴിവിൽ മത്സരിച്ചിട്ടും പരാജയപ്പെട്ടതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. തുടർതോൽവികൾ സിപിഎമ്മിന്റെ കേരളത്തിലെ അടിത്തറയും തകർക്കുമോ എന്നാണ് അണികൾ പരസ്പരം ചോദിക്കുന്നത് .എല്ലാത്തിനും ഒരാൾ മാത്രം മറുപടി പറയട്ടെ .എന്നാൽ അത് ഉണ്ടാവുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും കേരളത്തിലെ ഇടതുപക്ഷത്തിന്റെയും ഇന്നത്തെ സങ്കടം.

webdesk11: