ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച് അതിശക്തമായ കൊടുങ്കാറ്റ്. തലസ്ഥാനമായ ടോക്കിയോയിലും മറ്റുമായി 11 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് കര തൊട്ടത്. കാറ്റിന്റെ ശക്തിയില്‍ കാറുകള്‍ പറന്നു. വീടുകളുടെ മേല്‍ക്കുരകളും പറന്നുപോയതായാണ് വിവരം. നിരവധി വീടുകള്‍ നിലപതിച്ചു. ആയിരകണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
മരങ്ങള്‍ കടപുഴകി വീണതിനാല്‍ രാജ്യത്ത് വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. രാജ്യത്തെ പ്രധാന വിമാനത്താവളമായ ഒസാക വിമാനത്താവളവും കാന്‍സായി അന്താരാഷ്ട്ര വിമാനത്താവളവും അടച്ചു. കടകളും ഫാക്ടറികളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും അടഞ്ഞു കിടക്കുകയാണ്.
25 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. കൊടുങ്കാറിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ വിവിധ വാര്‍ത്താ ഏജന്‍സികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.