X

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

 

കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷമിവർശനവുമായി ചലച്ചിത്ര സംവിധായകൻ മേജർ രവി. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒരു നേതാവും നന്ദി പറയാൻ പോലും വിളിച്ചില്ലെന്നും മേജർ രവി പറഞ്ഞു. നേരത്ത പലതവണ ബി.ജെ.പി നിലപാടുകളെയും മോദിയെയും പരസ്യമായി പിന്തുണച്ചിരുന്ന മേജർ രവിയുടെ പുതിയ പ്രതികരണം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സംഘ്പരിവാർ അനുകൂലിയെന്ന് വിമർശനം നേരിട്ട മേജർ രവി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു.

അടുത്ത നിമസഭാ തെരഞ്ഞെടുപ്പിൽ മേജർ രവി ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾക്കിടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു രാഷ്ട്രീയക്കാരനാവാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിർബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ലെന്നും മേജർ രവി വ്യക്തമാക്കി. ഇവിടത്തെ നേതാക്കന്മാർക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ. വരുന്ന തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തറയിലോ മറ്റു മണ്ഡലങ്ങളിലോ മൽസരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജർ രവി തുറന്നടിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ നേതാക്കൾ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നത്. ഇത്തവണ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങില്ലെന്നും മേജർ രവി പറഞ്ഞു.

ടെലിവിഷൻ ചാനലുകളിലടക്കം സംഘപരിവാറിന് അനുകൂല നിലപാടായിരുന്നു മേജർ രവി സ്വീകരിച്ചിരുന്നത്. ഹിന്ദു ഉണരണമെന്ന അദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് ശബ്ദസന്ദേശം പുറത്ത് വന്നത് നേരത്തേ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.

 

adil: