തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ സംസ്‌കൃത സര്‍വകലാശാല വി.സിയെ നേരിട്ട് നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതില്‍ കടുത്ത പ്രതിഷേധവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവി ഒഴിയാന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയ ഗവര്‍ണര്‍, ചാന്‍സിലര്‍ പദവി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കാന്‍ തയാറാണെന്നും അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വി.സി നിര്‍ണയസമിതി പിരിച്ചുവിട്ട്, ചട്ടവിരുദ്ധമായി വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കിയതിന് പിന്നാലെ, കാലടി സംസ്‌കൃത സര്‍വകലാശാല വി.സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതാണ് ഗവര്‍ണറുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. സെര്‍ച്ച് കമ്മിറ്റി പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഒറ്റപ്പേര് മാത്രം വി.സി സ്ഥാനത്തേക്ക് രാജ്ഭവന് നല്‍കി. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതും ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണമായി. ഇക്കാര്യവും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് പ്രതിനിധി, യു.ജി.സി പ്രതിനിധി എന്നിവര്‍ അംഗങ്ങളായി സംസ്‌കൃത സര്‍വകലാശാല വി.സി നിര്‍ണയ സമിതിയെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ സെപ്റ്റംബര്‍ ഒമ്പതിന് നിയമനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് വിജ്ഞാപനം കണ്‍വീനര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി നിയമ പ്രകാരം രണ്ടുമാസമാണ് നിര്‍ണയ സമിതിയുടെ കാലാവധി. അതിനുള്ളില്‍ വി.സിയായി നിയമിക്കപ്പെടേണ്ടവരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള പാനല്‍ സമിതി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം.
നിശ്ചിത സമയത്തിനുള്ളില്‍ പാനല്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ക്ക് വി.സിയെ നേരിട്ട് നിയമിക്കാമെന്ന് സര്‍വകലാശാല നിയമത്തില്‍ പറയുന്നു. സര്‍ക്കാരിന് താല്‍പര്യമില്ലാത്തവരുടെ പേരുകള്‍ യു.ജി.സി നോമിനി ഉന്നയിക്കുമെന്ന് മുന്നില്‍ കണ്ടാണ് കമ്മിറ്റികൂടി ശുപാര്‍ശകള്‍ സമര്‍പ്പിക്കാത്തതെന്ന ആക്ഷേപമുണ്ട്. സമിതിയുടെ കാലാവധി അവസാനിച്ചാല്‍ വീണ്ടും സമിതി രൂപീകരിക്കുകയാണ് വേണ്ടത്. ഇതിന് പകരം ഒറ്റപ്പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചതാണ് ഗവര്‍ണറുടെ പ്രതിഷേധത്തിനിടയാക്കിത്. മുഖ്യമന്ത്രി പിണറായി വിജയന് വന്‍ ആഘാതമാണ് ഗവര്‍ണറുടെ വലിയ പ്രതിഷേധം.