X

ഊര്‍ജ്ജ പ്രതിസന്ധിയില്‍ വലഞ്ഞ് രാജ്യം

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വന്‍ ഊര്‍ജ്ജ പ്രതിസന്ധി. താപ വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം തുടരുന്ന പശ്ചാത്തലത്തില്‍ കല്‍ക്കരി വിതരണം സുഗമമാക്കാനായി റെയില്‍വേ നടപടികള്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ ഉഷ്ടതരംഗം കൂടി എത്തിയതോടെ രാജ്യത്തിന്റെ പ്രതിദിന വൈദ്യുതി ആവശ്യം സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രശ്‌നം എത്രയും വേഗത്തില്‍ പരിഹരിക്കാനാണ് ശ്രമം. എന്നാല്‍ കല്‍ക്കരി ലഭ്യത മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം സുഗമമാക്കാനായി ഏതാനും യാത്രാ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി. മെയ് 24 വരെ 670 പാസഞ്ചര്‍/എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകളാവും റദ്ദാക്കുക. കല്‍ക്കരി നീക്കത്തിനുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ ആവശ്യം അനുസരിച്ച് 3500 ടണ്‍ കല്‍ക്കരി വീതമുള്ള 415 കല്‍ക്കരി റേക്കുകള്‍ പ്രതിദിനം സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. കല്‍ക്കരി ക്ഷാമം പരിഹരിക്കാനും സംഭരണം കൂട്ടാനും രണ്ട് മാസം വരെ ഇതേ രീതിയിലുള്ള കല്‍ക്കരി നീക്കം വേണ്ടിവരും. രാജ്യത്തിന് ആകെ ആവശ്യമായി വരുന്ന വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി ഉപയോഗിച്ചാണ്.

ചൂട് കൂടിയതോടെ വൈദ്യുതി ആവശ്യവും വര്‍ധിച്ചു. പ്രതിദിന വൈദ്യുതി ആവശ്യം സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുകയാണ്. ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് കൊടും ചൂടാണ് രേഖപ്പെടുത്തുന്നത്. മധ്യ ഇന്ത്യയിലും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും ഉഷ്ണ തരംഗം അടുത്ത 5 ദിവസം കൂടിയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാന്‍, ഡല്‍ഹി, ഒഡീഷ, ഹരിയാന, യു പി സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് തുടരും. രാജസ്ഥാനില്‍ ഓറഞ്ച് അലര്‍ട്ടാണ്. കാലാവസ്ഥ കണക്കിലെടുത്ത് ഒഡീഷയില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം മുപ്പത് വരെ അവധി നല്‍കി. ഡല്‍ഹിയില്‍ ഇനി ഒരു ദിവസം കൂടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമാണ് താപവൈദ്യുത നിലയങ്ങളിലുള്ളതെന്നും കേന്ദ്രത്തോട് സഹായം തേടിയതായും സംസ്ഥാന മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. പഞ്ചാബില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈദ്യുതി മന്ത്രി ഹര്‍ഭജന്‍ സിങിന്റെ വസതിക്കു മുന്നില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഏപ്രില്‍ 26ന് 201 ജിഗാവാട്ട്സ് ആയിരുന്നു വൈദ്യുതി ഉപയോഗം. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ഇത് ഇനിയും വര്‍ധിച്ചേക്കാമെന്നാണ് കണക്കൂകൂട്ടല്‍. മെയ്-ജൂണ്‍ മാസത്തില്‍ 215-220 ജിഗാവാട്ട്സ് വരെ വൈദ്യുതി വേണ്ടി വന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഹരിയാനയില്‍ ആറു മണിക്കൂറിലധികമാണ് പവര്‍കട്ട്.

ഊര്‍ജ്ജ പ്രതിസന്ധി തുടരുമ്പോഴും ആവശ്യത്തിന് കല്‍ക്കരി ശേഖരമുണ്ടെന്നും രാജ്യത്ത് കല്‍ക്കരിക്ഷാമമില്ലെന്നും കേന്ദ്രം ആവര്‍ത്തിക്കുന്നു. കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. ആവശ്യമെങ്കില്‍ വൈദ്യുതി വിലകൊടുത്ത് വാങ്ങേണ്ടി വരും. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 യൂണിറ്റ് വാങ്ങാനാണ് തീരുമാനം.

Chandrika Web: