X

മജീസിയക്ക് തുര്‍ക്കിയിലേക്ക് പറക്കാം; സഹായഹസ്തവുമായി എം.ഇ.എസ്

കോഴിക്കോട്: ഒക്‌ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന രാജ്യാന്തര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്ന ദേശീയതാരം മജീസിയ ബാനുവിന് സഹായഹസ്തം. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയാണ് ഒരുലക്ഷം രൂപയുടെ സഹായവുമായി മുന്നോട്ടുവന്നത്. വടകര ഓര്‍ക്കാട്ടേരിയിലെ സാധാരണ കുടുംബാംഗമായ മജിസിയക്ക് ചാമ്പ്യന്‍ഷിപ്പിനും പരിശീലനത്തിനുമുള്ള സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ‘ചന്ദ്രിക’ വാര്‍ത്ത നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ താരത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമെടുക്കുകയായിരുന്നു. തുക ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി എം.ഇ.എസ് അധികൃതര്‍ അറിയിച്ചു.
മാഹി ഡെന്റല്‍ കോളജിലെ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ മജ്‌സിയ, ഓര്‍ക്കാട്ടേരിയിലെ അബ്ദുല്‍ മജീദിന്റേയും റസിയയുടേയും ഏകമകളാണ്. ചെറുപ്പം മുതലേ പവര്‍ലിഫ്റ്റിംഗില്‍ താല്‍പര്യം പ്രകടിപ്പിച്ച കടത്തനാട്ടുകാരി ദേശീയ അന്തര്‍ദേശീയ മീറ്റുകളില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കി.

2016ല്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കോഴിക്കോടും 2017ല്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയുമായിരുന്നു. ഈ വര്‍ഷങ്ങളില്‍ സംസ്ഥാന ജില്ലാ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡല്‍ നേട്ടവും കൈവരിച്ചു. 2017ല്‍ ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലെ ഡെഡ് ലിഫ്റ്റില്‍ വെള്ളിമെഡല്‍ നേടിയും ശ്രദ്ധേയയായി. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം നേടി. ഈ വര്‍ഷം ആലപ്പുഴയില്‍ നടന്ന കേരള സ്‌റ്റേറ്റ് ബെഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലും മജിസിയയെ തേടിയെത്തിയിരുന്നു. കോഴിക്കോട് ജയജിമ്മിലെ ജയദാസനാണു പവര്‍ലിഫ്റ്റിംഗ് പരിശീലകന്‍. ഇ.വി സലീഷിന് കീഴിലാണ് പഞ്ചഗുസ്തി പരിശീലിക്കുന്നത്.

chandrika: