മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങള്‍ പുറത്തുവന്നു. അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു. മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നെന്നാണ് ശ്രീകുട്ടി നല്‍കുന്ന മൊഴി. അജ്മല്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മദ്യം കുടിച്ചതെന്ന് ശ്രീക്കുട്ടി പറഞ്ഞു.
13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും ശ്രീക്കുട്ടി അജ്മലിന് നല്‍കിയതായാണ് വിവരം. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്ന് അജ്മല്‍ പറയുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത് മനഃപ്പൂര്‍വ്വം അല്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരം അല്ലെന്നും ശ്രീക്കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.
വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടിരുന്നെന്നും താന്‍ ട്രാപ്പില്‍ പെട്ടുപോയതാണെന്നും ഡോക്ടര്‍ ശ്രീക്കുട്ടി മൊഴി നല്‍കി. യുവതി വാഹനത്തിന്റെ അടിയില്‍ പെട്ടത് കണ്ടിരുന്നില്ലെന്ന് പ്രതി അജ്മല്‍ പറഞ്ഞു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ ഭയം കൊണ്ടാണ് താന്‍ വാഹനം നിര്‍ത്താതെ പോയതെന്നും മൊഴിയില്‍ പറയുന്നു.