X
    Categories: indiaNews

‘വിദ്യാഭ്യാസമില്ലാത്ത ബിജെപിക്കാര്‍ക്കേ ഇത് പറ്റൂ’ ; മമതയും മോദിയും പങ്കെടുത്ത ചടങ്ങില്‍ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വേദി പങ്കിട്ട നേതാജി അനുസ്മരണ പരിപാടിയില്‍ നടന്ന സംഭവങ്ങളോട് പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പരിപാടിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം വിളിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികളായ ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാന്‍ പറ്റൂ എന്നും പറഞ്ഞു.

‘ഈ സര്‍ക്കാര്‍ ബഹുജന ജനാധിപത്യത്തിന്റെ എല്ലാ പവിത്രതയും ലംഘിച്ചു. ഇതൊരു ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം ഒരു ഔദ്യോഗിക ചടങ്ങില്‍ നിങ്ങള്‍ക്ക് മതമന്ത്രങ്ങള്‍ മുഴക്കാന്‍ കഴിയില്ല. വിഡ്ഢികളായ വിദ്യാഭ്യാസമില്ലാത്ത ബിജെപിയിലുള്ള ആള്‍ക്കാരെ പോലുള്ളവര്‍ക്ക് മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങളെ പിന്തുണയ്ക്കാനാവൂ,’ മഹുവ മൊയ്ത്ര എഎന്‍ഐയോട് പ്രതികരിച്ചു.

മറ്റു മതസ്ഥരോട് ഹിന്ദു മതസ്ഥര്‍ അസഹിഷ്ണുത പുലര്‍ത്തുന്നത് നേതാജി സുഭാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അനുവദിക്കില്ലായിരുന്നെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിത ബോസ് പറഞ്ഞതായും മഹുവ മൊയ്ത്ര പറഞ്ഞു.

കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വേദി പങ്കിട്ട പരിപാടിക്കിടെയാണ് സംഭവങ്ങള്‍ നടന്നത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124ാമത് ജന്മവാര്‍ഷിക പരിപാടിയ്ക്കിടെ ബംഗാള്‍ മുഖ്യമന്ത്രി തന്റെ പ്രസംഗം പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കിയതാണ് മമതാ ബാനര്‍ജിയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും വേദിയിലിരിക്കെ മമത പ്രസംഗം പൂര്‍ത്തിയാക്കാതെ ക്ഷുഭിതയായി സീറ്റിലേക്ക് മടങ്ങി.

 

 

Test User: