ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇന്ത്യയില്‍ ജംഗിള്‍ ഭരണം നടത്തുന്നവര്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞു. ട്വിറ്ററിലൂടെയാണ് എം.പിയുടെ പ്രതികരണം.
ഞായറാഴ്ചയാണ് ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചന അമിത് ഷാ നല്‍കിയത്. ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുകയെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും ബാബുല്‍ സുപ്രിയോയും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ ആവശ്യം ന്യായമാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
അതേസമയം, ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെസര്‍ക്കാരിനെ അമിത് ഷാ ന്യായീകരിക്കുകയാണ് ചെയ്തത്. സംഭവം വഷളാകാന്‍ കാരണം പൊലീസിന്റെ വീഴ്ചയാണെന്നും യോഗി സര്‍ക്കാരിന്റെ തെറ്റല്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.