ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. യു.എ.പി.എ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് തൃണമൂലിന്റെ പെണ്‍പുലി തുറന്നടിച്ചത്.
കേന്ദ്രം ആരെയെങ്കിലും ലക്ഷ്യമിട്ടാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്താന്‍ ചില സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിക്കുന്നതായി അവര്‍ പറഞ്ഞു. കേന്ദ്രം ആരെയെങ്കിലും ലക്ഷ്യംവച്ചാല്‍ അവരെ വേട്ടയാടാന്‍ ചില നിയമങ്ങളുടെ സഹായവും ലഭിക്കുന്നു.
പ്രതിപക്ഷകക്ഷി നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി ആരെല്ലാമാണോ ഈ സര്‍ക്കാരിന്റെ ഏകപക്ഷീയ നയങ്ങളോട് വിയോജിക്കുന്നത് അവര്‍ക്കെല്ലാം ദേശവിരുദ്ധ പട്ടം അടിച്ചേല്‍പ്പിക്കുകയാണ്. പ്രതിപക്ഷം പോലും ദേശവിരുദ്ധരായി മുദ്രകുത്തുമോ എന്ന ഭയത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മഹുവ ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയുമായും നയങ്ങളുമായും ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ എതിര്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ ദേശവിരുദ്ധരെന്ന് വിളിക്കുന്നതെന്നും എം.പി. ചോദിച്ചു. ഇതോടെ ബി. ജെ. പി എം.പി എസ്.എസ് അലുവാലിയ പ്രസംഗം തടസപ്പെടുത്തുകയും എം. പിക്കെതിരെ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കുകയും ചെയ്തു.
സഭ നിയന്ത്രിച്ചിരുന്ന മീനാക്ഷിലേഖി അംഗീകരിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി. പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചെങ്കിലും താന്‍ പറഞ്ഞതില്‍നിന്ന് പിന്നോട്ടില്ലെന്ന് മഹുവ മൊ യ്ത്ര തുറന്നടിച്ചു. യു. എ. പി.എ ഭേദഗതി ബില്ലിനെയും മഹുവ ശക്തമായി എതിര്‍ത്തു. ഒരു വിചാരണയുമില്ലാതെ വ്യക്തികളെ ഭീകരവാദികളാക്കി മുദ്രകുത്തുന്നതാണ് ഈ നിയമമെന്നും സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്നതാണ് പുതിയ ഭേദഗതിയെന്നും അവര്‍ വാദിച്ചു. ബില്‍ പൂര്‍ണമായും ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമാണെന്നും എം.പി പറഞ്ഞു.
യു.എ.പി.എ. ഭേദഗതിയില്‍ എന്‍.ഐ.എയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 25നെയും സെക്ഷന്‍ 35നെയുമാണ് മഹുവ രൂക്ഷമായി എതിര്‍ത്തത്. ഭരണഘടനാ വിരുദ്ധമായ ഈ ബില്‍ പിന്‍വലിക്കണമെന്നും അവര്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കുന്നു തുറന്നടിച്ച് മഹുവ മൊയ്ത്ര
Tags: IndiaMahua Moitra