ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ശനിയാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചിട്ടും ഇതിനെക്കുറിച്ച് പാര്‍ലമെന്റെില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് മൊയ്ത്ര പറഞ്ഞു. 38 പൊതുമേഖലാ കമ്പനികള്‍ 2,100 കോടി രൂപ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി മൊയ്ത്ര പറഞ്ഞു. ഇത് ആകെയുള്ളത്തിന്റെ 70 ശതമാനമാണ്. ഈ കാര്യത്തില്‍ കേന്ദ്രം പാര്‍ലമെന്റില്‍ ഉത്തരം നല്‍കാത്തത് എന്താണെന്നും മൊയ്ത്ര ചോദിച്ചു.
ഇന്ത്യ നിരോധിച്ച ടിക്ക് ടോക്ക് പോലുള്ള ചൈനീസ് സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടിന് പണം ലഭിച്ചുവെന്നും അത്തരം കമ്പനികളില്‍ നിന്നുള്ള സംഭാവന സര്‍ക്കാര്‍ എന്തുകൊണ്ട് തിരികെ നല്‍കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഇതിനകം തന്നെ ഒരു പുതിയ ഫണ്ട് (പിഎം കെയേഴ്‌സ് ഫണ്ട്) സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ മൊയ്ത്ര ചോദ്യം ചെയ്തു. പ്രധാനമന്ത്രിമാര്‍ വന്ന് പോകും, എല്ലാത്തിനും ഒരു വ്യക്തിയുടെ പേര് നല്‍കേണ്ടതിന്റെ ആവശ്യകത എന്താണ്?. മഹുവ പറഞ്ഞു. കേന്ദ്രം കുറേയധികം നുണകള്‍ പറഞ്ഞ് ജനങ്ങളെ ചതിക്കുകയാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ നിരവധിയാളുകളാണ് മഹുവ മൊയ്ത്രയുടെ പ്രസംഗത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.