X

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നെജാദിന് തഴഞ്ഞതായി റിപ്പോര്‍ട്ട്

MahmoudMahmoudMAUMതെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും മുന്‍ പ്രസിഡന്റ് അഹ്മദി നെജാദിന് തഴഞ്ഞതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അയോഗ്യനാക്കിയതിനാല്‍ മുന്‍ പ്രസിഡന്റ് കൂടിയായ നെജാദിന് മെയില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല.
അതേസമയം നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി, ഇബ്രാഹീം റെയ്‌സി, ഇസ്ഹാഖ് ജഹാംഗീരി, തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബക്കര്‍ ഖാലിബഫ് എന്നിവരടക്കം ആറ് പേരുടെ നാമ നിര്‍ദേശ പത്രിക കൗണ്‍സില്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പിനായി സ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ 1600 നാമനിര്‍ദേശപത്രികയില്‍ നിന്നാണ് ആറുപേര്‍ക്ക് അംഗീകാരം ലഭിച്ചത്.

ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലക്കിനെ മറികടന്നാണ് പൊതു തെരഞ്ഞെടുപ്പിലെ മൂന്നാമങ്കത്തിനായി നെജാദ് നാമനിര്‍ദേശ പത്രിക നല്‍കിയത്. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും മേയ് 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്നും നെജാത് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയസഖ്യത്തിലായി മത്സരിക്കുന്ന മുന്‍ വൈസ് പ്രസിഡന്റ് ഹാമിദ് ബഹായിയെ പിന്തുണയ്ക്കാനാണ് താന്‍ രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു നെജാതിന്റെ നിലപാട്. 2009 ലെ തെരഞ്ഞെടുപ്പിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഖമനേയി നിര്‍ദേശിച്ചത്. 2005 മുതല്‍ 2013വരെ തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡന്റായിരുന്ന നെജാദ് 2013 ഓഗസ്റ്റിലാണ് അധികാരം ഒഴിഞ്ഞത്.

മത്സരത്തില്‍ നിന്നും നജാദ് ഇല്ലാതായതോടെ നിലവിലെ പ്രസിഡന്റും പരിഷ്‌കരണവാദികളുടെ സ്ഥാനാര്‍ഥിയുമായ ഹസന്‍ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ പരമോന്നത നേതാവ് ഖാംനഇയുടെ പിന്തുണയും റൂഹാനിക്കാണ്. ഏപ്രില്‍ 27 നാണ് അന്തിമ സ്ഥാനാര്‍ഥികളുടെ പട്ടിക ഗാര്‍ഡിയന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുക. മെയ് 19നാണ് തെരഞ്ഞെടുപ്പ്..

chandrika: