X

മുഖ്യമന്ത്രിക്ക് മഹിജയുടെ മറുപടി, സമരത്തിലൂടെ ജിഷ്ണുവിന് നീതി ലഭിച്ചു

 

തിരുവനന്തപുരം: സമരത്തിലൂടെ ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന് മുഖ്യമന്ത്രിക്ക് അമ്മ മഹിജയുടെ മറുപടി. ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തിട്ട് എന്തുനേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബം നടത്തിയ സമരത്തെ എസ്.യു.സി.ഐക്കാര്‍ റാഞ്ചിയെന്നും അതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായെന്നുമുള്ള പിണറായിയുടെ വാദവും മഹിജ തള്ളിക്കളഞ്ഞു.
സമരത്തെ ആരും റാഞ്ചിയില്ലെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരുടെയും സ്വാധീനവലയത്തില്‍ വീണിട്ടില്ലെന്നും മഹിജ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് അതിക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മഹിജയും ശ്രീജിത്തും ഇന്നലെ ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ശേഷം വീട്ടിലേക്ക് മടങ്ങി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിച്ചു. സമരം ജയിച്ചുവെന്ന വിശ്വാസത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് പറഞ്ഞ മഹിജ, ജിഷ്ണുവിന്റെ പേരില്‍ ഇനി കരയില്ലെന്നും മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും വ്യക്തമാക്കി. സഹോദരിക്ക് വേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്തും പ്രതികരിച്ചു. ജിഷ്ണു മരിക്കുന്നതിന് മുന്‍പുള്ളതുപോലെ ചിരിക്കുന്ന ഒരു സഹോദരിയെ തിരിച്ചുകിട്ടി. ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന ബോധ്യം സഹോദരിയില്‍ ഉണ്ടാക്കുകയെന്നതായിരുന്നു സമരത്തിന്റെ സ്വകാര്യ ആവശ്യങ്ങളിലൊന്ന്. അതുനേടിയെടുക്കാനായി. ഇപ്പോഴും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സര്‍ക്കാറും മഹിജയുമായി ഉണ്ടാക്കിയ കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു. ആസ്പത്രി വിട്ടശേഷം മഹിജയും കുടുംബാംഗങ്ങളും കവയത്രി സുഗതകുമാരിയെ കാണാന്‍ വീട്ടിലെത്തി. തലയുയര്‍ത്തി അഭിമാനത്തോടെ ജീവിക്കണമെന്ന് സുഗതകുമാരി മഹിജയോട് പറഞ്ഞു.
അതേസമയം, മഹിജയെ നേരിട്ടുകാണാന്‍ മുഖ്യമന്ത്രി ശനിയാഴ്ച സമയം അനുവദിച്ചു. എന്നാല്‍ ഇനി പിണറായി വിജയനെ കാണേണ്ടതില്ലെന്നാണ് മഹിജയുടെ തീരുമാനമെന്നാണ് സൂചന.

chandrika: