തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ നിരാഹാരസമരം തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മഹിജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.
തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, സമരം ശക്തമാക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചു. പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സമരം തുടരുന്ന ഇരുവരും ഡ്രിപ്പ് ഉള്‍പ്പെടെയുള്ളവ സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാര സമരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും സമരം തുടരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ വാദവും പൊളിയുകയാണ്. മഹിജക്ക് വയറിന് ക്ഷതമേറ്റെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും വാദവും ഇതോടെ പൊളിഞ്ഞു. പൊലീസ് ബൂട്ടിട്ട് തന്റെ വയറ്റില്‍ ചവിട്ടിയെന്നായിരുന്നു മഹിജ ആരോപിച്ചത്. ഇതിന്റെ പാടുകള്‍ താന്‍ ഡി.ജി.പിയെ കാട്ടിയിരുന്നുവെന്നും അവര്‍ പറഞ്ഞു. മഹിജയെയും സഹോദരന്‍ ശ്രീജിത്തിനെയും ശാരീരികമായി കയ്യേറ്റം ചെയ്തതായി ബന്ധുക്കളും വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളെയാകെ സര്‍ക്കാറും മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞിരുന്നു. മഹിജയുടെ വയറിനേറ്റ പരിക്ക് ഭേദമാകാന്‍ പത്തുദിവസം വേണ്ടിവരുമെന്നും അതിനാല്‍ ഉടന്‍ ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
തറയില്‍ കിടന്ന മഹിജയെ പൊലീസ് പിടിച്ചെഴുന്നേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. പൊലീസിന്റെ ഭാഷ്യം അതേപടി ആവര്‍ത്തിക്കുകയായിരുന്നു പിണറായി. പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും വാക്കുകളെ ഏറ്റുപിടിച്ച് മഹിജയെ പൊലീസ് എഴുന്നേല്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പ്രസ്താവനയിറക്കിയിരുന്നു.
ജിഷ്ണുവിന്റെ കേസില്‍ സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് പി.ആര്‍.ഡി വഴി ഇന്നലെ സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തിലും അമ്മയെ പൊലീസ് പിടിച്ചെഴുന്നേല്‍പ്പിച്ചെന്ന വിശദീകരണം തന്നെയാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഈ നിലപാടിനെയെല്ലാം തള്ളിക്കളയുന്ന രീതിയിലാണ് ഡോക്ടര്‍മാരുടെ വിശദീകരണം.