X
    Categories: MoreViews

13,860 കോടി കള്ളപ്പണം വെളിപ്പെടുത്തി മുങ്ങിയ ഗുജറാത്ത് വ്യവസായി പിടിയില്‍

അഹമ്മദാബാദ്: 13,860 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യവസായി മഹേഷ് ഷാ പിടിയില്‍. അഹമ്മദാബാദില്‍ വച്ച് ഒരു ചാനല്‍ പരിപാടിയില്‍ തത്സമയം പങ്കെടുക്കവെയാണ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അതേസമയം തന്റെ കയ്യിലുള്ളത് സ്വന്തം പണമല്ലെന്നും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പണമാണെന്നും മഹേഷ് ഷാ ആദായ വകുപ്പ് അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കള്ളപ്പണ വെളിപ്പെടുത്തലിനു ശേഷം കഴിഞ്ഞ നവംബര്‍ 29 മുതലാണ് ഷായെ കാണാതായത്. എനിക്കൊരു തെറ്റുപറ്റിയെന്നും എല്ലാ സത്യവും ഒരിക്കല്‍ പുറത്തുവരുമെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ മഹേഷ് ഷാ പറഞ്ഞിരുന്നു. സംഭത്തിലേക്ക് തന്റെ കുടുംബത്തെ വലിച്ചിടരുതെന്നും ഷാ പറഞ്ഞു.

വന്‍ തുക വെളിപ്പെടുത്തിയതിന് ശേഷം മുങ്ങിയ മഹേഷ് ഷായുടെ 13860 കോടി രൂപ കള്ളപ്പണം സ്വമേധയാ അറിയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി (ഐഡിഎസ്) പ്രകാരമാണ് കള്ളപ്പണമായി ആദായനികുതി വകുപ്പു പ്രഖ്യാപിച്ചത്. വെളിപ്പെടുത്തിയ തുകയുടെ 25 ശതമാനം നികുതി അടക്കാന്‍ അദ്ദേഹത്തോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെ ഷായെ കാണാതായി.

കഴിഞ്ഞ മാസം 30ന് ആയിരുന്നു പിഴയടക്കാനുളള അവസാന ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍ നികുതി നല്‍കാതെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ വെളിപ്പെടുത്തിയ തുക മുഴുവനും കള്ളപ്പണമായി മാറി. അദ്ദേഹത്തിന്റെ വസതിയിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

മഹേഷ് ഷാ ഒളിച്ചോടിയിട്ടില്ലെന്ന്് കുടുംബാഗങ്ങള്‍ നേരത്ത വ്യക്തമാക്കിയിരുന്നു. അതേസമയം കഴിഞ്ഞ 15 ദിവസമായി വീട്ടുകാരുമായി മഹേഷ് ഷാ ബന്ധപ്പെട്ടിട്ടിരുന്നില്ല.

chandrika: