ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷ ചെലവുകള്‍ക്കായി പതിനഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മഅദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലായത്. പുറമെ എസിപി ഉള്‍പ്പടെ 19 ഉദ്യോഗസ്ഥരുടെ വിമാന യാത്ര ചിലവും, സുരക്ഷ ഉദ്യോഗസ്ഥരുടെ പകുതി ശമ്പളവും നല്‍കണമെന്നും കര്‍ണ്ണാടക പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേ സമയം ഇത്രയും തുക താങ്ങാനാവില്ലെന്ന് മഅ്ദയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അമ്മയെ കാണുന്നതിനുമാണ് മഅദനി കേരളത്തില്‍ എത്തുന്നത്. ഇതിനുള്ള അനുമതി തേടി അദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മഅദനി ഇന്ന് തിരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അനുവദിച്ചതില്‍ ഒരു ദിവസം മഅ്ദനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. നാളെയെങ്കിലും യാത്ര പുറപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മഅ്ദനിയുടെ കുടുംബം
ഇന്ന് മുതല്‍ ഏഴു ദിവസം മാതാവിനെ കാണാന്‍ മദനിക്ക് കേരളത്തില്‍ പോകാന്‍ എന്‍ഐഎ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മകന്റെ വിവാഹത്തിന് പങ്കെടുക്കാനുള്ള അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 14 വരെ കേരളത്തില്‍ തുടരാനായിരുന്നു അനുമതി. ഈ കാലയളവില്‍ സുരക്ഷ ഉറപ്പാക്കുന്ന കര്‍ണാടക പൊലീസിന്റെ ചെലവ് മഅദനി വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് തലശേരിയില്‍ വച്ചാണ് മകന്റെ വിവാഹം നടക്കുന്നത്.
മഅദനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനി പോകുമ്പോള്‍ വരുന്ന ചിലവ് വഹിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സുരക്ഷയ്ക്ക് വരുന്ന ചിലവ് വഹിക്കാന്‍ തങ്ങള്‍ തയാറാണെന്ന് മഅദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തില്‍ തീരുമാനമായത്. സുരക്ഷ ചിലവ് വഹിക്കാമെന്ന മഅദനിയുടെ വാദം അംഗീകരിച്ചാണ് കോടതി വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.