X

എവിടെയും തലകുനിക്കാന്‍ ഉദ്ദേശിക്കുന്നില്ല; ഭരണകൂടം സൃഷ്ടിക്കുന്ന അനീതിയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായി കോടികളോ ലക്ഷങ്ങളോ അനാവശ്യമായി ചെലവഴിക്കാന്‍ തയ്യാറല്ല

കോഴിക്കോട്: മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. കേരളത്തിലേക്ക് പോകാന്‍ മഅ്ദനി 14 ലക്ഷം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ നിലപാടില്‍ മഅ്ദനിക്ക് പറയാനുള്ളത,് ഇത്രയും പൈസ കെട്ടിവെച്ച് കേരളത്തിലേക്ക് പോകുന്നതിനുള്ള സാഹചര്യത്തിലല്ല ഞാനുള്ളത് എന്നാണ്. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലിലും ഇവിടെ ഏഴുവര്‍ഷക്കാലത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന എന്റെ അവസ്ഥ അതല്ല. ആസാഹചര്യമുള്ളതുകൊണ്ട് ഞാനതിന് തയ്യാറാകുന്നില്ല എന്നാണ് മഅ്ദനി വാട്‌സപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.

ഭരണകൂടം സൃഷ്ടിക്കുന്ന അനീതിയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായി കോടികളോ ലക്ഷങ്ങളോ ഇങ്ങനെ അനാവശ്യമായി ചെലവഴിക്കുക, അതിനുവേണ്ടി ആരുടെയും പൈസ കടമായിട്ടോ ഭൂമി ആയിട്ടോ ഉണ്ടാക്കുക അത്തരത്തിലുളഌകാര്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല എന്ന  നിലപാടാണ് മഅ്ദനി സ്വീകരിക്കുന്നത്. അതുകൊണ്ട് തൊട്ടടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള വരവ് പ്രതീക്ഷിക്കേണ്ട എന്നും മഅ്ദനി പറയുന്നു.

സമകാലീന ഇന്ത്യയിലും ലോകത്തിലും നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരവും ഭീകരവുമായ നിരവധി സംഭവങ്ങളോട് ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഇത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എനിക്കിത് അല്‍പം പോലും ഹൃദയവേദനയുണ്ടാക്കിയിട്ടില്ല. മാനസികമായി അല്‍പം പോലും തളര്‍ച്ചയില്ല. സര്‍വ്വശക്തന്റെ തീരുമാനങ്ങള്‍ ഇതിലും ശക്തമായി പല രംഗങ്ങളിലും ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാറിന്റെ  ഇടപെടലില്‍ മഅദ്‌നി എ്ന്ന വിചാരണ തടവുകാരന് പറയാനുള്ളത്.

സര്‍വ്വശക്തന്റെ മുന്നില്‍ സര്‍വ്വതും സമര്‍പ്പിച്ചുകൊണ്ട് ഇന്‍ഷാ അള്ളാ എനിക്ക് അള്ളാഹുവിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകും അത് കിട്ടും അത് കിട്ടുമ്പോള്‍ അത് സ്വീകരിക്കും, അതിനപ്പുറം ഞാന്‍ അസ്ഥാനത്തും അനാവശ്യമായും എവിടെയും തലകുനിക്കാന്‍ ഉദ്ദേശിക്കുന്നില്ല, അള്ളാഹുവിന്‌റെ മുന്നിലല്ലാതെ. ഈ കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനത്തിലാണ് ഞാന്‍. എന്റെ കയ്യില്‍ എന്തായാലും പൈസയില്ല. വള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്ന് പിരിച്ച് ഡോക്ടര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും കൊടുക്കാനുള്ള പൈസ ഇങ്ങനെ കൊടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. പണമല്ല ഇപ്പോഴാവശ്യം പ്രാര്‍ത്ഥനയാണ്, ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കുക. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയ്ക്കും സര്‍വ്വശക്തനായ നാഥന്റെയും ഇടയില്‍ മറകളില്ല. ഒരുപക്ഷേ അല്‍പം വൈകിയാലും പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകും. സര്‍വ്വശക്തന്‍ തുണക്കട്ടെ. എന്ന് പറഞ്ഞ് കൊണ്ടാണ് മഅ്ദനി സന്ദേശം അവസാനിപ്പിക്കുന്നത്.

അതേ സമയം മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മഅ്ദനിക്ക് കേരളത്തിലെത്തിയാല്‍ സുരക്ഷ നല്‍കും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കും.
എ്ന്നും അറിയിച്ചു.

സുരക്ഷ ചെലവുകള്‍ക്കായി പതിനാല് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കര്‍ണ്ണാകട സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മഅദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തിലായത്. പുറമെ എ.സി.പി ഉള്‍പ്പടെ 19 ഉദ്യോഗസ്ഥരുടെ വിമാന യാത്ര ചിലവും, സുരക്ഷ ഉദ്യോഗസ്ഥരുടെ പകുതി ശമ്പളവും നല്‍കണമെന്നും കര്‍ണ്ണാകട പോലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്ര മുടങ്ങുകയായിരുന്നു.

വാട്‌സപ്പ് സന്ദേശത്തിന്റെ പൂര്‍ണരൂപം
അസലാമു അലൈക്കും,

എന്റെ പ്രിയപ്പെട്ട എല്ലാ സഹോദരങ്ങള്‍ക്കും, സര്‍വ്വശക്തനായ നാഥന്റെ അനുഗ്രഹം നിരന്തരം നാമേവരിലും വര്‍ഷിക്കുമാറാകട്ടെ. ഞാനിപ്പോഴീ വോയ്‌സ് ഇടുന്നത് എന്റെ പ്രിയപ്പെട്ട മാതാവിനെ സന്ദര്‍ശിക്കുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ബാംഗഌര്‍ സിറ്റി വിട്ട് പോകുന്നതിനുള്ള അനുമതി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിചാരണ കോടതിയെ സമീപിക്കുകയും വിചാരണ കോടതി മാതാവിനെ കാണാന്‍ പോകാമെന്നും അതിനുള്ള ചെലവ് നാം തന്നെ കൊടുക്കണമെന്നും മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്നും പറഞ്ഞുകൊണ്ട് വിധി പറയുകയും അതില്‍ സുപ്രീം കോടതി റിവിഷന്‍ പോകുകയും, സുപ്രീം കോടതിയില്‍ നിന്ന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി കൂടി കിട്ടിയപ്പോഴും ചെലവ് നമ്മള്‍ തന്നെ വഹിക്കണം എന്ന് പറയുകയും ചെയ്തുകൊണ്ട് നിര്‍ദേശങ്ങള്‍ വന്നപ്പോഴൊക്കെ ഞാന്‍ ഗ്രൂപ്പിലേക്ക് വരികയോ നിങ്ങളോടൊന്നും സംസാരിക്കുകയോ ചെയ്തിട്ടില്ല. കാര്യങ്ങളെല്ലാം അന്തിമ തീരുമാനത്തിലെത്തിയ ശേഷം മാത്രം സംസാരിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആസൂത്രകരുടെ ആസൂത്രണങ്ങള്‍ നീണ്ടുകൊണ്ടേയിരിക്കും.അവര്‍ ഏതെങ്കിലുമൊക്ക തരത്തില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് കൃത്യമായി ബോധ്യമുള്ളതുകൊണ്ടാണ് ഞാന്‍ ആഹ്ലാദ പ്രകടനത്തിനോ അഭിപ്രായപ്രകടനത്തിനോ ഒന്നും മുതിരാതിരുന്നത്.

ഇപ്പോള്‍, സുപ്രീം കോടതിയുടെ ഇന്നലത്തെ തീരുമാന പ്രകാരം കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ വേണ്ടി അഡ്വക്കേറ്റ് ഉസ്മാനും റജീബും പോവുകയും അദ്ദേഹവുമായി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ അവിടന്ന് കിട്ടുന്ന വിവരം പോകുന്നതിന്റെ തുടക്കമെന്ന നിലയില്‍ തന്നെ 14 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ്. അതിനുശേഷം വീണ്ടും അടുത്ത ബില്‍ വരുമെന്ന് നമുക്കറിയാം. എന്തായാലും ഇത്രയും പൈസ കെട്ടിവെച്ച് കേരളത്തിലേക്ക് പോകുന്നതിനുള്ള സാഹചര്യത്തിലല്ല ഞാനുള്ളത്. 14 ലക്ഷം രൂപ അങ്ങനെ ഈയൊരു കാര്യത്തിനുവേണ്ടി കെട്ടിവെക്കാനും പിന്നീട് വീണ്ടും ബാക്കി പൈസ കൊടുക്കാനും ഇത്രയും ഭാരിച്ച ഒരു തുക കെട്ടിവെക്കാനും ഉള്ള സാഹചര്യത്തിലല്ല ഉള്ളത്.

ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലിലും ഇവിടെ ഏഴുവര്‍ഷക്കാലത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന എന്റെ അവസ്ഥ അതല്ല. ആ സാഹചര്യമുള്ളതുകൊണ്ട് ഞാനതിന് തയ്യാറാകുന്നില്ല, എനിക്കറിയാം ഒരു പക്ഷേ ഇക്കാര്യം പറയുമ്പോള്‍ കോടീശ്വരന്മാരും ലക്ഷാധിപതികളും ഒന്നും അല്ലെങ്കിലും എന്റെ പ്രിയപ്പെട്ട സഹോദരങ്ങളായ നിങ്ങളൊക്കെ എന്ത് വിലകൊടുത്തും, നിങ്ങളുടെ ഭൂമി പോലും വിറ്റിട്ടായാലും നിങ്ങളതിന് തയ്യാറാകുമെന്ന് എനിക്കറിയാം. ഇന്നലെകളില്‍ എനിക്കാ അനുഭവമുണ്ട്. പക്ഷേ അങ്ങനെ ഭരണകൂടം സൃഷ്ടിക്കുന്ന അനീതിയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായി കോടികളോ ലക്ഷങ്ങളോ ഇങ്ങനെ അനാവശ്യമായി ചെലവഴിക്കുക, അതിനുവേണ്ടി ആരുടെയും പൈസ കടമായിട്ടോ ഭൂമി ആയിട്ടോ ഉണ്ടാക്കുക അത്തരത്തിലുളഌകാര്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല.

നിലവില്‍ ഈ തീരുമാനപ്രകാരം ഇന്നോ നാളെയോ എനിക്കങ്ങോട്ട് വരാന്‍ കഴിയില്ല. ഈ പൈസ കെട്ടിവെച്ചുകൊണ്ട് വരാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഒന്നുകില്‍ കേരളാ ഗവണ്മെന്റുമായി ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരെ ഏല്‍പിച്ചിട്ടുണ്ട്, അവര്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ചകള്‍ നടത്തി ഗവണ്മെന്റുമായി സംസാരിച്ച് എന്തെങ്കിലും തീരുമാനമുണ്ടാകുകയോ അതല്ലെങ്കില്‍ ഇനി ഈ വിഷയം സംബന്ധിച്ച് കോടതിയെ സമീപിക്കണോ എന്നുള്ളത് വക്കീലന്മാരുമായി ആലോചിച്ച് വേണ്ടിവന്നാല്‍ വീണ്ടും കോടതിയെ സമീപിച്ച് എന്തെങ്കിലും ഇളവ് നേടിയാലും ദീര്‍ഘ സമയമൊന്നുമുള്ള വരവും യാത്രയുമൊക്കെ ഒഴിവാക്കിക്കൊണ്ട് വിവാഹത്തില്‍ പങ്കെടുക്കല്‍ പോലുള്ള കാര്യങ്ങള്‍ ആലോചിച്ച് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് നീതിയുടെ പ്രകാശം കിട്ടേണ്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം കരിന്തിരി കത്തിക്കൊണ്ടിരിക്കുമ്പോള്‍ അനാവശ്യമായി വെക്കുന്ന നിയമങ്ങളുടെയും അനാവശ്യമായി വെക്കുന്ന തീരുമാനങ്ങളുടെയും മുന്നില്‍ തലകുനിച്ച് വലിയ റിസ്‌കെടുത്ത് അതെല്ലാം അംഗീകരിച്ച് പോകുക എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അതുകൊണ്ട് ഇന്‍ഷാ അള്ളാ, എല്ലാവരും അന്വേഷിക്കുന്നുണ്ട്, തൊട്ടടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള വരവ് പ്രതീക്ഷിക്കേണ്ട. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. സമകാലീന ഇന്ത്യയിലും ലോകത്തിലും നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരവും ഭീകരവുമായ നിരവധി സംഭവങ്ങളോട് ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഇത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എനിക്കിത് അല്‍പം പോലും ഹൃദയവേദനയുണ്ടാക്കിയിട്ടില്ല. മാനസികമായി അല്‍പം പോലും തളര്‍ച്ചയില്ല.

സര്‍വ്വശക്തന്റെ തീരുമാനങ്ങള്‍ ഇതിലും ശക്തമായി പല രംഗങ്ങളിലും ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതും ഞാന്‍ അങ്ങനെ തന്നെ കാണുകയാണ്. സര്‍വ്വശക്തന്റെ മുന്നില്‍ സര്‍വ്വതും സമര്‍പ്പിച്ചുകൊണ്ട് ഇന്‍ഷാ അള്ളാ എനിക്ക് അള്ളാഹുവിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകും അത് കിട്ടും അത് കിട്ടുമ്പോള്‍ അത് സ്വീകരിക്കും, അതിനപ്പുറം ഞാന്‍ അസ്ഥാനത്തും അനാവശ്യമായും എവിടെയും തലകുനിക്കാന്‍ ഉദ്ദേശിക്കുന്നില്ല, അള്ളാഹുവിന്‌റെ മുന്നിലല്ലാതെ. ഈ കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനത്തിലാണ് ഞാന്‍.

എന്റെ കയ്യില്‍ എന്തായാലും പൈസയില്ല. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്ന് പിരിച്ച് ഡോക്ടര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും കൊടുക്കാനുള്ള പൈസ ഇങ്ങനെ കൊടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ നിങ്ങള്‍ ഭൂമി വിറ്റായാലും വീട് വിറ്റായാലും സഹായിക്കുന്ന മാനസികാവസ്ഥയിലുള്ള നിരവധി പാവങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരുണ്ട്.അവര്‍ തയ്യാറാകുമെന്ന് എനിക്കറിയാം. അത്രയും അനിവാര്യഘട്ടങ്ങളില്‍ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ഇപ്പോഴാവശ്യം പ്രാര്‍ത്ഥനയാണ്, ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കുക. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയ്ക്കും സര്‍വ്വശക്തനായ നാഥന്റെയും ഇടയില്‍ മറകളില്ല. ഒരുപക്ഷേ അല്‍പം വൈകിയാലും പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകും. സര്‍വ്വശക്തന്‍ തുണക്കട്ടെ.
അസ്സലാമു അലൈകും വറഹ്മതുള്ളാഹി ബറാകാതുഹു

chandrika: