കോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോവുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ പ്രധാനമായും ഉന്നയിച്ചത് ചെലവിന്റെ പ്രശനമാണ്. എന്നാല്‍ ആ വാദം തള്ളികൊണ്ട് സുരക്ഷ ചെലവ് മഅ്ദനി തന്നെ വഹിക്കുമെന്ന് പറഞ്ഞ് സുപ്രിം കോടതി കേരളത്തിലേക്ക് പോവാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ കോടതിയുടെ ഈ തീരുമാനം ശ്രദ്ദേയമാകുന്നത് കേരള ഗവര്‍ണറായിരിക്കുന്ന ജസ്റ്റിസ് പി സദാശിവത്തിന്റെ മുന്നിലേക്ക് മഅ്ദനിയുടെ ജാമ്യാപേക്ഷ എത്തിയപ്പോള്‍ എടുത്ത നിലപാട് കൂടി പരിഗണക്കുമ്പോഴാണ്. ‘ജാമ്യത്തിന്റെ കാര്യവും പറഞ്ഞ് ഇങ്ങോട്ട് വരേണ്ടതില്ലെന്നാണ്’ അന്ന് ജസ്റ്റിസ് സദാശിവം പറഞ്ഞത്്. മഅ്ദനിയുടെ വാദം എന്താണ് പോലും കേള്‍ക്കാന്‍ അന്ന്് സദാശിവം തയ്യാറായിരുന്നില്ല.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ചികിത്സാനുമതി തേടിയ മഅ്ദനിയോട് ആദ്യമായി ജനാധിപത്യപരമായി പെരുമാറിയത് ചെലമേശ്വറുടെ ബെഞ്ചാണ്. നിലവില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടാന്‍ മഅ്ദനിയെ അനുവദിച്ചതും ചെലമേശ്വറുടെ ബെഞ്ചാണ്്. സ്വന്തം ചെലവില്‍ ചികിത്സയെന്ന വ്യവസ്ഥയിലായിരുന്നു അനുമതി. വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാനും അന്ന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അനുവദിച്ച സമയ പരിധി സര്‍ക്കാര്‍ ലംഘിച്ച സാഹചര്യത്തില്‍ ചികിത്സക്കായി അനുവദിച്ച ജാമ്യം ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് സ്ഥിരപ്പെടുത്തുകയായിരുന്നു.
അബ്ദുല്‍ നാസര്‍ മഅ്ദനിയോടുള്ള കോടതികളുടെ സമീപനത്തില്‍ മാറ്റം വരുന്നതില്‍ പ്രശാന്ത് ഭൂഷണ്‍ എന്ന അഭിഭാഷകന്‍ വഹിച്ച പങ്കാണ് മറ്റൊരു ശ്രദ്ധേയ കാര്യം. മഅ്ദനിയ്ക്ക് ചികിത്സക്കായി സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച് മഅ്ദനിയോട് ദയ കാട്ടാന്‍ ആവശ്യപ്പെട്ടത്. മുന്‍കാലത്ത് മഅ്ദനിയുടെ അഭിഭാഷകരെ അവരുടെ ഭാഗം പറയാന്‍പോലും അനുവദിക്കാത്തിടത്തു നിന്ന് എന്‍ ഐ എ കോടതി നിഷേധിച്ച കേരള സന്ദര്‍ശനാനുമതി നേടിയെടുത്തു എന്നിടത്താണ് പ്രശാന്ത് ഭൂഷണ്‍ന്റെ വിജയം.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി എന്‍ ഐ എ കോടതി നേരത്തെ തള്ളിയിരുന്നു.അര്‍ബുദ ബാധിതയായ മാതാവിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് അന്ന് കോടതി അനുമതി നല്‍കിയിരുന്നത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മഅ്ദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എസ്.എ ബോബ്ഡെ മദനിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷനോട് ഒരു ചോദ്യമുന്നയിച്ചു. താങ്കളെപ്പോലെ പ്രഗത്ഭനായ ഒരു അഭിഭാഷകന് ഹര്‍ജിക്കാരനായ മഅ്ദനി പണം നല്‍കുന്നില്ലേയെന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. മാധ്യമ പ്രവര്‍ത്തകനായ ബി. ബാലഗോപാലാണ് ഇന്ന് സുപ്രീം കോടതിയില്‍ വാദത്തിനിടെ നടന്ന ആ സംഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘Justice Krishna Iyer wrote a hand written letter to me. Since then I am appearing in this matter’
മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസ്സര്‍ മദനി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ച ഒരു ചോദ്യത്തിന് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ മറുപടി ആണിത്.
അസുഖ ബാധിത ആയ അമ്മയെ കാണാന്‍ കേരളത്തില്‍ ഓഗസ്റ്റ് 1 മുതല്‍ 7 വരെ പോകാന്‍ മദനിക്ക് ബംഗളുരുവിലെ എന്‍ ഐ എ കോടതി അനുമതി നല്‍കിയിരുന്നു. മദനിയുടെ സുരക്ഷാ ചുമതല ഉള്ള കര്‍ണാടക പോലീസിന്റെ ചെലവ് മദനി വഹിക്കണം എന്നും എന്‍ ഐ എ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക പോലീസ് ഒരാഴ്ചത്തെ ചെലവ് ഏതാണ്ട് 6 ലക്ഷം ആണ് ആവശ്യപ്പെടുന്നത് എന്നും, അത് ഒരു വിചാരണ തടവ് കാരന് താങ്ങാവുന്നതിലും അധികം ആണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സന്ദര്‍ഭത്തില്‍ ആണ് പ്രശാന്ത് ഭൂഷണെ പോലെ പ്രഗത്ഭനായ ഒരു അഭിഭാഷകന് ഹര്‍ജിക്കാരന്‍ ഫീസ് നല്‍കുന്നില്ലേ എന്ന് കോടതി ആരാഞ്ഞത്. എന്നാല്‍ മദനിയുടെ കാര്യം വിവരിച്ച് ജസ്റ്റിസ് കൃഷ്ണ അയ്യര്‍ സ്വന്തം കൈപ്പടയില്‍ ഒരു കത്ത് തനിക്ക് എഴുതിയതാണ് എന്നും, അതിന് ശേഷം ആണ് ഈ കേസില്‍ ഹാജര്‍ ആകുന്നത് എന്നും ആയിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ മറുപടി. മദനിക്ക് വേണ്ടി ഹാജര്‍ ആകുന്നതിന്റെ രഹസ്യം പലപ്പോഴും പ്രശാന്ത് ഭൂഷണ്‍ പൊതു വേദികളില്‍ പറഞ്ഞിട്ടുണ്ട് എങ്കിലും, ഇത് ആദ്യമായാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്ന് തോനുന്നു.
വാദത്തിന് ഇടയില്‍ ജഡ്ജിമാരുടെ ചോദ്യത്തിന് അഭിഭാഷകര്‍ മറുപടി നല്‍കാന്‍ പ്രയാസ്സപെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.എന്നാല്‍ മദനിയുടെ ഹര്‍ജി വാദിക്കുന്നതിനിടയില്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇന്ന് ജഡ്ജിമാര്‍ പ്രയാസപെടുന്നത് കണ്ടു. ഒരു വിചാരണ തടവ് കാരന്റെ സുരക്ഷയ്ക്ക് വരുന്ന ചെലവ് ആരുടെ ഉത്തരവാദിത്വം ആണ് ? തടവ് പുള്ളിയുടെയോ, സര്‍ക്കാരിന്റെയോ ? ഈ ചോദ്യത്തിന് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
”It is a difficult question to answer’.