ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപിയുമായിസഖ്യത്തിലുള്ള സമയത്ത് നിലവിലുണ്ടായിരുന്ന കരാര്‍പ്രകാരം മാത്രമാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും വികസനകാര്യത്തില്‍ വിവേചനമുണ്ടായിട്ടില്ലെന്നും പിഡിപി നേതാവ് പറഞ്ഞു.
ജമ്മുകശ്മീരില്‍ വികസനം കൊണ്ടുവരുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് ശക്തമായ പ്രതികരണവുമായി മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബയുടെ പ്രതികരണം. ഹിന്ദുക്കള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ വികസനമെത്തിക്കുന്നതില്‍ വിവേചനം കാണിച്ചുവെന്നായിരുന്നു ആരോപണം.
പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനു പിന്നാലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം മെഹ്ബൂബ മുഫ്തി രാജിവെച്ചിരുന്നു. റമസാനിനുശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാനിടയാക്കിയതെന്നാണ് പി.ഡി.പി പറയുന്നത്.
മുന്‍സഖ്യകക്ഷികള്‍ ഒരുപാടു തെറ്റായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും രാം മാധവ് തയ്യാറാക്കി രാജ്‌നാഥ് ജി അംഗീകരിച്ച സഖ്യത്തിന്റെ അജണ്ടയില്‍ നിന്നും തങ്ങള്‍ ഒട്ടും മാറിയിരുന്നില്ലെന്നും സ്വന്തം നീക്കങ്ങളെ നിരാകരിച്ച് വിവേചനം എന്നു പറയുന്നത് വിഷമകരമാണെന്നും മുഫ്തി പറഞ്ഞു.
ജമ്മുവിനോടും ലഡാക്കിനോടും സര്‍ക്കാര്‍ വിവേചനം കാണിച്ചു എന്ന ആരോപണത്തില്‍ വാസ്തവമില്ല. 2014ലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ താഴ്‌വരയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടായിരുന്നു. ഏറെ നാളുകളായി താഴ്‌വരയില്‍ ഉണ്ടാവുന്ന കലാപങ്ങളിലും ധാരാളം നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത് വികസനത്തിലുള്ള വിവേചനമാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മെഹ്ബൂബ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ നേതാവിന്റെ കാര്യത്തില്‍ എന്തു തീരുമാനമാണ് ബിജെപി കൈക്കൊള്ളാന്‍ പോകുന്നതെന്നും മുഫ്തി ചോദിച്ചു. കത്വ പീഡനത്തെ അനുകൂലിച്ച മന്ത്രിമാരെ നീക്കം ചെയ്യുകയും ഗുജ്ജാര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ അധിക്ഷേപിക്കരുതെന്നും കാണിച്ച് ഉത്തരവിട്ടതുമെല്ലാം മുഖ്യമന്ത്രി എന്ന നിലക്ക് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും ഇരുസമുദായങ്ങള്‍ക്കും സുരക്ഷ നല്‍കുക എന്നത് മുഖ്യമന്ത്രിയുടെ ചുമതലയായിരുന്നെന്നും മുഫ്തി പറഞ്ഞു.
കത്വ പീഡന വിഷയത്തിലെടുത്ത നിലപാടുകളെക്കുറിച്ച് ആദ്യമായാണ് മെഹ്ബൂബ മുഫ്തി പരസ്യമായി പ്രതികരിക്കുന്നത്.