X

ആ ചിത്രം ഇനി നിശ്ചലം; ഗാന്ധിജിയുടെ ചെറുമകന്‍ യാത്രയായി

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി അന്തരിച്ചു. 87 വയസ്സായിരുന്നു. സൂറത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1930 ഏപ്രിലില്‍ ദണ്ഡിയാത്രക്കിടെ മഹാത്മാഗാന്ധിയുടെ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ച് ഓടുന്ന കുട്ടിയുടെ ചിത്രം ഏറെ ലോക പ്രശസ്തി നേടിയിരുന്നു. വര്‍ണ ചിത്രത്തേക്കാള്‍ തെളിച്ചമുള്ള ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ കുട്ടി കനുഭായ് ഗാന്ധിയായിരുന്നു. ഗാന്ധിജിയുടെ മൂന്നാമത്തെ മകന്‍ രാംദാസ് ഗാന്ധിയുടെയും നിര്‍മലയുടെയും മകനാണ് കനു.

നാലു പതിറ്റാണ്ടായി അമേരിക്കയില്‍ ജീവിച്ച കനു ഭായി 25 വര്‍ഷത്തോളം നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഗാന്ധിജിയുടെ മരണാനന്തരം നെഹ്‌റു ഇടപ്പെട്ടാണ് കനു ഗാന്ധിയെ യു.എസ് എംഐടിയിലേക്ക് പഠനത്തിനയച്ചത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും ജോലി ചെയ്ത അദ്ദേഹം ഭാര്യക്കൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും ജീവിതം ക്ലേശകരമായിരുന്നു. അലച്ചിലില്‍ നിരവധി ഇടങ്ങളില്‍ അഭയം തേടി. സൂറത്ത് മൈത്ര ട്രസ്റ്റ്, അഹമ്മദാബാദിലെ സബര്‍മതി ആശ്രമം, ഗുജറാത്ത് വിദ്യാപീഠം, തെക്കന്‍ ഡല്‍ഹിയിലെ വൃദ്ധാശ്രമം എന്നിവിടങ്ങളിലായിരുന്ന കനുഗാന്ധിയുടെയും ഭാര്യയുടെയും താമസം.

chandrika: