ആര്‍.എസ്.എസിനെതിരെ വിമര്‍ശനവുമായി യുത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്‍മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. ‘ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്‍ ചേര്‍ത്ത് പറയേണ്ട ഒരു കാര്യം കൂടിയുണ്ട്, ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്സാണ്. ആര്‍.എസ്.എസ്സുകാരനായ ഗോഡ്‌സേയാണ്’ ഫേസ്ബുക്ക്
പോസ്റ്റിലൂടെ ഫിറാേസ് കുറിച്ചു.
1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്. ഡെല്‍ഹിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത്.
സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താല്‍ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. ഉടന്‍തന്നെ സംഭാഷണം നിര്‍ത്തി ഗാന്ധിജി പ്രാര്‍ത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കായി അനുയായികള്‍ കാത്തിരിക്കുന്ന പ്രാര്‍ത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു.
Read Also: ഗോഡ്‌സെക്ക് വന്ദനം ബതഖ് മിയക്ക് നിന്ദയും
ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റില്‍ കരുതിയിരുന്ന ബെറെറ്റ പിസ്റ്റള്‍ ഇരുകൈയ്യുകള്‍ക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: ‘നമസ്‌തേ ഗാന്ധിജി’. ഗാന്ധിജിയുടെ പാദം ചുംബിക്കുവാന്‍ അയാള്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാല്‍ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സേ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.
‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.