മലപ്പുറം: രാഷ്ട്രപിതാവിനെ അവമതിക്കുന്ന നടപടി രാഷ്ട്രനിന്ദയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ ഹീന നീക്കത്തെ രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നിച്ചുനിന്ന് അപലപിക്കണം. മഹാത്മാഗാന്ധിയേക്കാള്‍ വിപണി സാധ്യതയുള്ള ബ്രാന്‍ഡ് നരേന്ദ്രമോദിയാണെന്ന ഹരിയാനാ ബി.ജെ.പി മന്ത്രിയുടെ പ്രസ്താവനയെ ഇന്ത്യന്‍ ജനത അവജ്ഞയോടെ തള്ളും. ലോകജനതക്കു മുന്നില്‍ എക്കാലവും ഇന്ത്യയുടെ മഹത്വം ഉയര്‍ത്തിക്കാണിക്കുന്ന ചരിത്ര പുരുഷനാണ് ഗാന്ധിജി. കേവല രാഷ്ട്രീയത്തിന്റെ വിപണി പ്രതീകമല്ല, ദേശീയ ഐക്യത്തിന്റെയും രാഷ്ട്രത്തിനു വേണ്ടിയുള്ള ജീവാര്‍പ്പണത്തിന്റെയും പ്രതീകമാണ് ആ മഹത് വ്യക്തിത്വം. രാജ്യം ഭരിക്കുന്ന കക്ഷിയില്‍നിന്നുതന്നെ രാഷ്ട്രപിതാവിനെ നിന്ദിക്കുന്ന നടപടി ഉണ്ടാകുന്നത് ആശങ്കാജനകമാണ്- തങ്ങള്‍ പറഞ്ഞു.