X
    Categories: indiaNews

ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തയാക്കി മഹാസഖ്യം അങ്കത്തട്ടില്‍; സീറ്റ് വിഭജനത്തില്‍ പൊട്ടി എന്‍ഡിഎ

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണ പൂര്‍ത്തിയാക്കിയ മഹാസഖ്യം പടയൊരുക്കം തുടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. സീറ്റ് വിഭജനത്തില്‍ വ്യക്തമായ ധാരണയോടെയായിരുന്നു മഹാസഖ്യത്തിന്റെ തീരുമാനം. എന്നാല്‍ മറുവശത്ത് എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൊട്ടിത്തെറിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. എല്‍ജെപിക്ക് സീറ്റ് നല്‍കാതെയുള്ള തീരുമാനം എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

നിലവിലെ എന്‍ഡിഎയുടെ സീറ്റ് ധാരണയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതായാണ് വിവരം. എന്നാല്‍ എല്‍ജെപി ഈ ധാരണ അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ഭീഷണിമുഴക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകല്‍ച്ചയിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്നയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഭീഷണിമുഴക്കിയിരുന്നു.

ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതിപക്ഷത്തുള്ള ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കഴിഞ്ഞ ദിവസം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം. എന്‍ഡിഎയിലെ ഭിന്നത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് മഹാസഖ്യത്തിന്റെ ആത്മവിശ്വാസം.

Test User: