X
    Categories: indiaNews

സച്ചിനും മറ്റ് സെലിബ്രിറ്റികളും ട്വീറ്റ് ചെയ്തത് ബിജെപി സമ്മര്‍ദത്തെ തുടര്‍ന്നോ?; കേന്ദ്രത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം. കേന്ദ്രത്തെ പിന്തുണച്ച് നിലപാടെടുക്കാന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുക.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ലതാ മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയ കായിക-സിനിമ താരങ്ങള്‍ ഉള്‍പ്പെടെ സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്തതിനെക്കുറിച്ചാണ് അന്വേഷണം. കോണ്‍ഗ്രസ് ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ഒരു വ്യക്തിക്കോ സെലിബ്രിറ്റിക്കോ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കണമെങ്കില്‍ അതു ചെയ്യാം. എന്നാല്‍ ഇതിനു പിന്നില്‍ ബി.ജെ.പിയാണോ എന്ന സംശയസാധ്യത നിലനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു. പലരുടെയും ട്വീറ്റില്‍ സമാന പദങ്ങള്‍ ഉണ്ടായിരുന്നുവെന്നും സച്ചിന്‍ സാവന്ത് വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന്റെ നായകരെ വിരട്ടുകയാണെങ്കില്‍ അവര്‍ക്ക് സുരക്ഷ നല്‍കണം. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോടു സംസാരിച്ചു. ഇതു ഗൗരവമുള്ള വിഷയമാണെന്നാണ് അദ്ദേഹത്തിന്റെയും നിലപാട്. വിഷയത്തില്‍ പരിശോധന നടത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്- സാവന്ത് കൂട്ടിച്ചേര്‍ത്തു. പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ് ഡല്‍ഹിയില്‍ മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

കര്‍ഷകര്‍ക്ക് നീതി ആവശ്യപ്പെട്ട് റിഹാന ട്വീറ്റ് ചെയ്തതോടെ അന്താരാഷ്ട്രതലത്തില്‍ പ്രക്ഷോഭത്തിന് പിന്തുണ ലഭിക്കുകയായിരുന്നു. എന്നാല്‍, റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി കേന്ദ്ര വിദേശമന്ത്രാലയം തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് ഏറ്റുപിടിച്ചാണ് സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്തത്.

വിരാട് കോലി, സൈന നേവാള്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി താരങ്ങളും ട്വീറ്റുമായെത്തി. പലരുടെയും ട്വീറ്റുകളിലെ സാമ്യതയും സമാന പദപ്രയോഗങ്ങളും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങള്‍ നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ട്വീറ്റുകളുടെ സമയക്രമവും ഏകോപനവും ഇവ ആസൂത്രിതമായി ചെയ്തതാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ ‘കാട്ടുഭരണം’ ആണ് നടക്കുന്നതെന്ന ആരോപണവുമായിബി.ജെ.പി രംഗത്തെത്തി. ബി.ജെ. പി നേതാവ് ശിരിഷ് കടേക്കറിനെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയിലില്‍ കുളിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടി എം.എല്‍.എ രാം കദമിന്റെ വിമര്‍ശനം. ‘ശിവസേന ഭരിക്കുമ്പോള്‍ ആരും സുരക്ഷിതരല്ല. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍വെച്ച് പോലും ആക്രമിക്കാന്‍ അവര്‍ ധൈര്യം കാട്ടുന്നു’ – രാം കദം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും ബി. ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. രാജ്യം ഭാരത രത്ന അടക്കമുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവിട്ടവരുടെ മനോനില പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ നടപടി തീര്‍ ത്തും നിരാശാജനകമാണ്. പ്ര മുഖരെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല- ഫഡ്നാ വിസ് കൂട്ടിച്ചേര്‍ത്തു.

 

Test User: