മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രിസന്ധി തുടരുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. എ.എല്‍.എമാരെ സ്വാധീനിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ നോക്കുന്ന ബിജെപിയില്‍ നിന്ന് രക്ഷ നേടാനാണ് ശിവസേനയുടെ നീക്കം. അതേസമയം, ഗവര്‍ണറെ കണ്ട ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവും ഉന്നയിച്ചിട്ടില്ല.
ബാന്ദ്രയിലെ റിസോര്‍ട്ടിലേക്കാണ് ശിവസേന എംഎല്‍എമാരെ മാറ്റിയത്. ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരും റിസോര്‍ട്ടിലാണുള്ളത്. പാര്‍ട്ടി പിളര്‍ത്താനുള്ള ബിജെപിയുടെ ശ്രമത്തില്‍ വീഴരുതെന്ന് നിയമസഭ കക്ഷിയോഗത്തില്‍ ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ 56 അംഗങ്ങളും പങ്കെടുത്തു. രണ്ട് ദിവസം റിസോര്‍ട്ടില്‍ തങ്ങാനാണ് നിര്‍ദേശം. ദേവേന്ദ്ര ഫഡ്‌നാവിസുമായി ബന്ധമുള്ള എംഎല്‍എമാരെയാണ് മാറ്റിയിരിക്കുന്നത്. അതിനിടയില്‍ 20എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ചാല്‍ മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. മുഖ്യമന്ത്രി പദമടക്കം പങ്കിടുന്ന രീതിയിലുള്ള സഖ്യ ധാരണവേണമെന്ന് ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ബിജെപി ഇതിന് വഴങ്ങാതിരുന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.