X
    Categories: CultureMoreViews

മണ്ണിന്റെ മക്കള്‍ വാദം വീണ്ടും; മുംബൈയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം

മുംബൈ: മോദിയെ വിമര്‍ശിച്ച് രാജ് താക്കറെ രംഗത്തെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഗുജറാത്തികള്‍ക്ക് നേരെ വ്യാപക അക്രമം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ഗുജറാത്തികളുടെ കടകള്‍ക്കുനേരെയാണ് അതിക്രമം നടന്നത്. ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍സേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ബോയ്‌സറില്‍ നടന്ന എം.എന്‍.എസ് റാലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന പ്രവര്‍ത്തകരാണ് ഹോട്ടലുകള്‍ അക്രമിച്ചത്.

ഗുജറാത്തിയിലുള്ള ഹോട്ടല്‍ ബോര്‍ഡുകള്‍ നീക്കാന്‍ തീരുമാനിച്ചതായി ബോയ്‌സറിലെ എം.എന്‍.എസ് നേതാവ് കുന്ദന്‍ സാഖെ പറഞ്ഞു. ഞങ്ങള്‍ നേതാവിന്റെ വാക്കുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. കടകളുടെ ബോര്‍ഡുകള്‍ മറാത്തിയിലാവണമെന്നത് നിയമമാണ്. എന്നാല്‍ ഗുജറാത്തികളെ ആകര്‍ഷിക്കാനാണ് ഗുജറാത്തി ഭാഷയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ് താക്കറെ ഉന്നയിച്ചത്. മോദി മുക്ത ഭാരതമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. കേന്ദ്രത്തിന്റെ ഓരോ നിലപാടുകളും രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പറഞ്ഞ താക്കറെ രാജ്യത്ത് കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: