X
    Categories: CultureMoreViews

ആവശ്യങ്ങള്‍ അംഗീകരിച്ചു; മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം പിന്‍വലിച്ചു

മുംബൈ: ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ സമരക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിച്ച് നടപ്പാക്കാന്‍ ആറംഗ സമിതിയെ നിയോഗിക്കും, കര്‍ഷക കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും, ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ട് മാസത്തിനകം എടുക്കും തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും അംഗീകരിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം ഏഴിന് നാസിക്കില്‍ നിന്നാണ് കര്‍ഷകരുടെ ‘ലോംഗ് മാര്‍ച്ച്’ ആരംഭിച്ചത്. അമ്പതിനായിരത്തോളം കര്‍ഷകരാണ് നാസിക്കില്‍ നിന്ന് 182 കിലോ മീറ്റര്‍ നടന്ന് മുംബൈയിലെത്തിയത്. ഞായറാഴ്ച വൈകീട്ടോടെയാണ് സമരക്കാര്‍ മുംബൈ നഗരത്തില്‍ പ്രവേശിച്ചത്. നിയമസഭാ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതോടെ വേണ്ടെന്ന്‌വെക്കുകയായിരുന്നു.

വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് ഏക്കറിന് 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: