X

ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം; മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍

ന്യൂഡല്‍ഹി: ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരില്‍ 2 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. ബിജെപിയുമായുളള സഖ്യം വിടുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയായിരുന്നു മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി.

മനോഹര്‍ പരീക്കറിന്റെ മരണത്തിന് പിന്നാലെ ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടി വിടുമെന്ന് ഗോമന്തക് പാര്‍ട്ടി പറഞ്ഞിരുന്നു. പരീക്കറിനാണ് പിന്തുണ നല്‍കിയിരുന്നതെന്നും ബി.ജെ.പിക്കല്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. എന്നാല്‍, പ്രമോദ് സാവന്ത് അര്‍ധ രാത്രിയില്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഗോവയില്‍ മറ്റൊരു അര്‍ധ രാത്രിയിലും രാഷ്ട്രീയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവാസ്‌കര്‍ എന്നിവരാണ് ബിജെപിയില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി സ്പീക്കര്‍ മൈക്കള്‍ ലാബോക്ക് കത്ത് നല്‍കിയത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് എജിപി എംഎല്‍എമാര്‍ ലയനം പ്രഖ്യാപിച്ചത്.

മനോഹര്‍ നിലവില്‍ ഗോവയിലെ ടൂറിസം വകുപ്പ് മന്ത്രിയാണ്. എംജിപിയുടെ മൂന്നാമത്തെ എംഎല്‍എ ആയ സുധിന്‍ ദവാലികര്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ല. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികര്‍. മൂന്നില്‍ രണ്ട് എംഎല്‍എമാരും കൂറുമാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്കെതിരെ നിലനില്‍ക്കില്ല.

chandrika: