മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍. സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണന്ന് മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു. അതേസമയം, അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ നിയമസഭാ മന്ദിരം വളയാനാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷകരുടെ റാലി ഇപ്പോള്‍ മുംബൈ നഗരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവില്‍ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി മുന്നോട്ടുനീങ്ങുന്നത്. ഇതോടെ പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. വന്‍പൊലീസ് സൈന്യത്തെയാണ് വഴിയില്‍ വിന്യസിച്ചിരിക്കുന്നത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വനാവകാശ നിയമം നടപ്പാക്കല്‍, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കല്‍, താങ്ങുവില പ്രഖ്യാപിക്കല്‍, വായ്പ എഴുതിത്തള്ളല്‍, ആശ്രയിക്കാവുന്ന ജലസേചനം തുടങ്ങി സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.