നാഗ്പൂര്‍ : 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്‍ഷകന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്‍ വിളനാശത്തെ തുടര്‍ന്ന് കടംകയറി ജീവനൊടുക്കിയത്. ഇയാളെ കീടനാശിനി കഴിച്ച് മരിച്ച നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
കൃഷി ആവിശ്യത്തിനായി സഹകരണ ബാങ്കില്‍ നിന്ന് 3000 രൂപയും സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് ഒരു ലക്ഷം രൂപയും വായ്പ എടുത്തിരുന്നു. എന്നാല്‍ കനത്ത മഴയില്‍ വിളനാശം നേരിട്ട കൈലാസ് കടുത്ത നിരാശയിലായിരുന്നു എന്ന് സഹോദരന്‍ പറഞ്ഞു. കൂടാതെ സഹോദരിയുടെ വിവാഹം അടുത്തിരിക്കെ ഇതിന് പണം സ്വരൂപിക്കാന്‍ കഴിയാത്തതും ആത്മഹത്യക്ക് പ്രേരിപ്പിച്ചിരിക്കാമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 2012ല്‍ അച്ഛന്റെ വിയോഗത്തെ തുടര്‍ന്നാണ് സ്വന്തമായുള്ള മൂന്നു ഏക്കര്‍ കൃഷിസ്ഥലത്ത് കൃഷിയിറക്കി കൈലാസ് കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ചായ് പേ കാമ്പെയ്‌നില്‍ മോദി ബി.ജെ.പി ജയിച്ചാല്‍ തന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ മിത്രമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. വിളയുടെ പൂര്‍ണ അവകാരം, വിളകള്‍ക്ക് ന്യായ വില, പലിശ ഇടപാടുകാരില്‍ നിന്ന് സംരക്ഷണം, ഗുണമേന്മയുള്ള വിത്തുകള്‍, വളം, വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് തുടങ്ങി വാഗ്ദാനങ്ങള്‍ അന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു.