മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.
തന്റെ മരണത്തിന് ഉത്തരവാദി മോദിയാണെന്ന് എഴുതി വെച്ച് മഹാരാഷ്ട്രയിലെ യാവാത്മല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ വിഷം കുടിച്ച് ആത്മഹത്യ ചെയ്തു. മോദി അധികാരമേറ്റതു മുതല്‍ തന്നെ പോലുള്ള കര്‍ഷകര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നും ചയാരെ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മോദി ഭരണത്തിലേറിയതു മുതല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് തന്റെ കടം പെരുകുകയായിരുന്നു. ഇനിയും തനിക്ക് പ്രതീക്ഷയില്ല. ജീവിതം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും കുറിപ്പില്‍ പറയുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഒരു ലക്ഷം രൂപ കടത്തിലായിരുന്നു ചയാരെ. മഹാരാഷ്ട്ര സര്‍ക്കാറിന്റെ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശനായിരുന്നു ചയാരെ. മരണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാതെ ചയാരെയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ വസന്തറാവു നായിക് മെഡിക്കല്‍ കോളജ് ആസ്പത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തണമെന്നും നഷ്ടപരിഹാരം മൃതദേഹം ഏറ്റുവാങ്ങുന്നതിന് മുമ്പ് കൈമാറണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.