രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ രൂക്ഷത എത്രത്തോളമാണെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയും സഹായങ്ങള്‍ നല്‍കിയും അന്താരാഷ്ട്ര സമൂഹം ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു.
രാജ്യം എത്തിപ്പെട്ട കോവിഡ് അവസ്ഥയുടെ മറ്റൊരു കാഴ്ച കൂടി തുറന്നിടുകയാണ് മഹാരാഷ്ട്ര. സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങള്‍ ഓരോ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചു ഒരുമിച്ചു കൊണ്ടു പോകുന്ന ദയനീയ ചിത്രം.
ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമണന്ദ് തീര്‍ത്ത് മറാത്ത്വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ആംബുലന്‍സില്‍ കുത്തിനിറച്ച് സംസ്‌കരിക്കാന്‍ െകാണ്ടുപോയത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആംബുലന്‍സുകള്‍ ലഭിക്കാതെ വന്നതോടെയാണ് കിട്ടിയ ആംബുലന്‍സില്‍ എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കാന്‍ കൊണ്ടുപോയതെന്നാണ് സൂചന.