മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. നിലവിലെ ലക്ഷ്യം മഹാരാഷ്ട്രയിലെ അഴിമതി സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ മെച്ചപ്പെട്ട സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ട്. ഈ അഴിമതിക്കാരെ പുറത്താക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് മഹാവികാസ് അഘാഡിയുടെ പ്രാഥമിക ലക്ഷ്യമെന്നും അതിനു വേണ്ടി സഖ്യകക്ഷികള്‍ ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും യോഗത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഒന്നിച്ചു പ്രഖ്യാപിക്കാന്‍ പോലും കഴിവില്ലാത്ത കേന്ദ്രസര്‍ക്കാരാണ് ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇത് അങ്ങേയറ്റം വിരോധാഭാസമാണ്. എത്രയും പെട്ടെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഢുവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവതരമാണ്. രാജ്യമെമ്പാടുമുള്ള ഭക്തര്‍ ഇവിടെ ദര്‍ശനത്തിന് എത്തുന്നുണ്ട്. ഇക്കാാര്യത്തില്‍ സത്യം സുവ്യക്തമായി വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.