മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമത ശല്യത്തില്‍ വലഞ്ഞ് ബി.ജെ.പി. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ബോറിവ്‌ലി, മുംബാദേവി, അകോല വെസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള മുതിര്‍ന്ന നേതാക്കളാണ് വിമതസ്വരവുമായി രംഗത്തെത്തിയത്.
മുംബൈ മേഖലയില്‍ സ്വാധീനമുള്ള ഗോപാല്‍ ഷെട്ടി ബോറിവ്‌ലിയില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സഞ്ജയ് ഉപാധ്യായെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ബി.ജെ.പി തീരുമാനം. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച ഗോപാല്‍ ഷെട്ടി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുംബൈ ബി.ജെ.പി അധ്യക്ഷന്‍ ആശിഷ് ഷേലാര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും ഗോപാല്‍ ഷെട്ടി തയ്യാറായില്ല.
ബി.ജെ.പി. വക്താവായിരുന്നു ഷൈന എന്‍.സിയെ മുംബാദേവിയില്‍ ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. വര്‍ളിയില്‍ ആദിത്യ താക്കറെയ്‌ക്കെതിരെ ഷൈനയെ മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ സീറ്റ് ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനയ്ക്ക് നല്‍കുകയും മിലിന്ദ് ദേവറയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, മുംബാദേവിയില്‍ ഷൈനയെ സ്ഥാനാര്‍ഥിയാക്കിയിതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ അതുല്‍ ഷാ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് മഹായുതിയുടെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയേക്കും.
സ്വന്തം സ്ഥാനാര്‍ഥികള്‍ക്കെതിരേയും സഖ്യസ്ഥാനാര്‍ഥികള്‍ക്കെതിരേയും വിമതശല്യമുണ്ടാവുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മഹായുതിയുടെ വോട്ടില്‍ വിള്ളല്‍ വീഴുമെന്നാണ് ആശങ്ക. ഇത് പ്രതിപക്ഷത്തിന് അനുകൂലമാകുമെന്നും വിലയിരുത്തുന്നു.