X

സംഗ്ലിയില്‍ വാഹനാപകടം: 10 മരണം, 13 പേര്‍ക്ക് പരിക്കേറ്റു

മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് 10 മരണം. 13 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. തസ്ഗാവ്- കഹാതെ മഹകല്‍ ദേശീയ പാതയില്‍ മനരജുരി വില്ലേജിലായിരുന്നു അപകടം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ലാബുകള്‍ നിറച്ച ട്രക്കിനു മുകളില്‍ തൊഴിലാളികളെ കയറ്റിയാണ് യാത്ര ചെയ്തിരുന്നതെന്നും വളവ് തിരിയുന്നതിനിടെ ലോറി മറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തൊഴിലാളികളുടെ മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബുകള്‍ വീണത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ നടത്തുന്ന സമരം കാരണം ബസ് സര്‍വീസുകള്‍ നിലച്ചതാണ് തൊഴിലാളികള്‍ ട്രക്കിനെ ആശ്രയിക്കാന്‍ ഇടയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

chandrika: