കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാത്ത വനിതാകമ്മീഷന്‍ അധ്യക്ഷക്കുനേരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹാദിയ അഞ്ചുമാസമായി വീട്ടുതടങ്കലിലാണെന്ന് ഉയര്‍ത്തി കാട്ടിയാണ് കോളേജില്‍ എം.സി ജോസഫൈനു നേരെ സ്റ്റുഡന്റ്‌സ് ഫോര്‍ ഹാദിയ എന്ന വിദ്യാര്‍ഥി കൂട്ടായ്മയുടെ അപ്രതീക്ഷിത പ്രതിഷേധം നടന്നത്. കോളേജില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജോസഫൈന്‍.
ഹാദിയയെ ഈ മാസം 27-നാണ് സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത്. അന്നേദിവസം ഹാദിയയുടെ കൂടെ പോകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോസഫൈന്റെ മറുപടി. നിയമതടസം ചൂണ്ടിക്കാട്ടി ഹാദിയയെ സന്ദര്‍ശിക്കാതിരിക്കുന്നത് നീതികേടാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ആര്‍.എസ്.എസ് താല്‍പ്പര്യം സംരക്ഷിക്കാനാണ് വനിതാകമ്മീഷന്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഇന്നലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ഹാദിയയെ വൈക്കത്തുള്ള വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ഹാദിയ സന്തോഷവതിയാണെന്നും സുരക്ഷിതയാണെന്നും രേഖാ ശര്‍മ്മ പറഞ്ഞിരുന്നു. ഹാദിയയുമൊത്തുള്ള ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയാണ് അവര്‍ മടങ്ങിയത്. ഈ മാസം 27-നാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നത്. തുറന്ന കോടതിയില്‍ ഹാദിയയെ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.