കേരളത്തിലെ ലഹരി ഉപയോഗവും വിപണനവും സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ നിരത്തിയ കണക്കുകള്‍ ഓരോ മലയാളിയുടെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. 2020ല്‍ 4650 ഉം 2021ല്‍ 5334 ഉം കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വര്‍ഷം ഓഗസ്റ്റ് 29 വരേ മാത്രം 16128 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020ല്‍ 5674 പേരെയും 2021ല്‍ 6704 പേരെയും അറസ്റ്റുചെയ്തിരിക്കുന്നു. 2022ല്‍ 17834 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എ യും 23.4 കിലോഗ്രാം ഹഷീഷ് ഓയിലും ഈ വര്‍ഷം മാത്രം പിടിച്ചെടുത്തു. നേരത്തെ കഞ്ചാവുപോലുള്ള വഹരി വസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ സിന്തറ്റിക് – രാസ ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് നിലവിലത്തെ ഭീഷണിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം വസ്തുക്കള്‍ വ്യാപകമായി എത്തിച്ചേരുന്നതായും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍ ലോകത്താകമാനം ലഹരിയുടെ ഉപയോഗവും ഉപഭോഗവും ഭീതിദമായ നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രം ഇന്നലെ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഒരുപോലെ പ്രചരിക്കുകയുണ്ടായി. ജര്‍മനിയിലെ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിന്റെ ഫോട്ടോഷൂട്ടിനിടെയുള്ള അവരുടെ സൂപ്പര്‍താരം സാദിയോ മാനേയുടെ ചിത്രമാണ് ഇപ്പോഴും ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ചിന്റെ എല്ലാ താരങ്ങളും പങ്കെടുത്ത ഫോട്ടോഷൂട്ട് ടീമിന്റെ സ്‌പോണ്‍സര്‍മാരായ പോളനെര്‍ ബീയര്‍ പിടിച്ച്‌നില്‍ക്കുന്ന തരത്തിലായിരുന്നു തീരുമാനിച്ചത്. എന്നാല്‍ 31 പേരില്‍ സാദിയോ മാനേയും മൊറോക്കന്‍ താരമായ നൗസര്‍ മസ്രൂയിയും മദ്യബോട്ടില്‍ കൈയ്യിലെടുത്തില്ല. ബയേണ്‍ മ്യൂണിക്കില്‍ ഉജ്വല പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന സാദിയോ മാനേയുടെ ഈ തീരുമാനമാണ് ലോകമാകമാനം വാഴ്ത്തിക്കൊണ്ടിരിക്കുന്നത്. സെനഗലിലെ ബംബാലി ഗ്രാമത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ച് ഫുട്‌ബോളിലെത്തിയ മാനെ എന്നും വ്യത്യസ്തനാണ്. ആഢംബരത്തില്‍ അഭിരമിക്കാതെ തന്റെ നാട്ടുകാര്‍ക്ക് ആശുപത്രിയും സ്‌കൂളും കളിക്കളവും ഉണ്ടാക്കുന്നതിലാണ് എന്നും സൂപ്പര്‍താരത്തിന്റെ ശ്രദ്ധ. ഉറച്ച ഇസ്‌ലാം മതവിശ്വാസികൂടിയായ മാനേ എന്നും മദ്യത്തിനെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ വ്യക്തത്വമാണ്. തന്റെ നിലപാട് ഒരിക്കല്‍ കൂടി ഉറക്കെ പ്രഖ്യാപിച്ചതിലൂടെ താരം വീണ്ടും വ്യത്യസ്തനായി ത്തീര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കാരബാവോ കപ്പ് ജയിച്ച് ലിവര്‍പൂളിനൊപ്പം ആഘോഷിക്കുന്നതിനിടെ സഹതാരങ്ങളോട് ഷാംപെയ്ന്‍ ശരീരത്തിലൊഴിക്കരുതെന്നും മാനെ ആവശ്യപ്പെട്ടിരുന്നു.
മുന്‍പ് പ്രസ് മീറ്റിനിടയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കോ കോളയും പോള്‍ പോഗ്ബ മദ്യക്കുപ്പിയും എടുത്ത് മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. രക്ഷിതാക്കളേയും നാടിനെയും ഒരുപോലെ സങ്കടക്കടലിലേക്ക് തള്ളവിട്ടുകൊണ്ട് കൗമാര സമൂഹം ലഹരി ഉപയോഗത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന ഈ ഘടത്തില്‍ സാദിയോ മാനേയുടെ ഇന്നലത്തെ മാതൃകക്ക് വലിയ പ്രസക്തിയുണ്ട്. കൗമാരം ഹൃദയത്തിലേറ്റുന്നത് സിനിമാ രംഗത്തെയും കായിക രംഗത്തെയുമെല്ലാം സൂപ്പര്‍ സ്റ്റാറുകളേയാണ്. അഭ്രപാളികള്‍ക്കും കളിക്കളങ്ങള്‍ക്കുമപ്പുറം ഈ സൂപ്പര്‍ താരങ്ങളുടെ വ്യക്തി ജീവിതം പോലും യുവാക്കളെ ഹഠാതാകര്‍ഷിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അതുതന്നെയാണ് ഇത്തരം താരങ്ങളുടെ പരസ്യ വിപണിയിലെ മൂല്യത്തിനും മാറ്റും കാരണം. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി മദ്യത്തിന്റെയും മറ്റും പരസ്യപ്പലകകളില്‍ പ്രത്യക്ഷപ്പെടാന്‍ പോലും പല താരങ്ങളും മടികാണിക്കാറുമില്ല. ഈ സാഹചര്യത്തില്‍ മാനേയുടെ മദ്യത്തോടുള്ള സ്ഫടിക സമാനമായ നിലപാട് പ്രസക്തമാകുന്നത്. ലോക ഫുട്‌ബോളില്‍ പലപ്പോഴും കറുത്ത കുതിരകളായിട്ടുള്ള സെനഗല്‍ എന്ന ആഫ്രിക്കയിലെ കൊച്ചുരാജ്യത്തിന്റെ നായകന്‍ എന്ന നിലയിലും ഫുട്‌ബോളിനെ ഹൃദയത്തിലേറ്റുന്ന കോടിക്കണക്കായ യുവാക്കളുടെ സ്വപ്‌ന താരം കൂടിയാണ് മാനേ. അതുകൊണ്ട് തന്നെ ലഹരിക്കെതിരെയുള്ള ആയിരം ബോധവല്‍ക്കരണങ്ങളേക്കാള്‍ ഫലപ്രാപ്തിയുണ്ടാവും മാനേയുടെ ഈ ഒരു ചിത്രത്തിന്. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകങ്ങള്‍ മറിച്ചുനോക്കാതെ കളിക്കളത്തിനകത്തും പുറത്തും നിലപാടിന്റെ രാജകുമാരന്‍മാരായി നിലകൊള്ളുന്ന താരങ്ങളുണ്ടായിട്ടുണ്ട് ലോക കായിക ചരിത്രത്തില്‍. വര്‍ണവെറിയില്‍ മനംനൊന്ത് തന്റെ ഒളിമ്പിക് സ്വര്‍ണം ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ ഇതിഹാസ ബോക്‌സിംഗ് താരം മുഹമ്മദലി ക്ലേയെ പോലെയുള്ളവരുടെ ആ പട്ടികക്ക് പക്ഷേ നീളം കുറവാണ്. സാദിയോ മാനേയുടെ ഈ ധീരമായ നിലപാടും കാലം എന്നും ഓര്‍ത്തുവെക്കുക തന്നെ ചെയ്യും.