ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ഉടമയാണെങ്കിലും അധികമാരും അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ ഡോ. ദിലീപ് മഹാലനാബിസ്. വലിയ നേട്ടങ്ങളോ പുരസ്‌കാരങ്ങളോ അദ്ദേഹത്തെ തേടിയെത്തിയില്ല. ഇങ്ങനെയൊരു ഭിഷഗ്വരന്‍ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെന്ന് പോലും അധികമാര്‍ക്കും അറിയുമായിരുന്നില്ല. എങ്കിലും മരണത്തിന്റെ കാണക്കയത്തില്‍ നിന്ന് പതിനായിരങ്ങളെ ജീവിതത്തിന്റെ തുരുത്തിലേക്ക് കൈപിടിച്ചു നടത്താന്‍ കഴിഞ്ഞ മഹാലനാബിസ് എന്ന മനുഷ്യനോട് ലോകം എന്നും കടപ്പെട്ടിരിക്കും.
കോളറയെന്ന മഹാമാരി ലോകമാകെ ഭീതിയായി ചൂഴ്ന്നു നില്‍ക്കുന്ന കാലം. ദിനേന പുറത്തുവരുന്ന മരണക്കണക്കുകള്‍. അമിതമായ വയറിളക്കം കാരണമുള്ള നിര്‍ജ്ജലീകരണമാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജലാംശം കൂടുതലായി ശരീരത്തിലേക്ക് എത്തിക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും ശാസ്ത്ര ലോകത്തിന് അറിയാമായിരുന്നു. എന്നാല്‍ ഇതിനുള്ള എളുപ്പമാര്‍ഗം എന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മഹാലനാബിസ് ലോകത്തിനു നല്‍കിയത്. വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സ. ഇതാണ് ഒ.ആര്‍.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷ്യന്‍. 20-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് കണ്ടുപിടുത്തത്തെ യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്. പഞ്ചസാരയും (ഗ്ലൂക്കോസ്) ഉപ്പും (സോഡിയം) വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയാല്‍ ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്ന സോഡിയവും ജലവും കുടലിലെ സ്ഥരങ്ങളിലൂടെ വേഗത്തില്‍ ആഗിരണം ചെയ്യെപ്പെടുമെന്ന് പല ഗവേഷകരും നിരീക്ഷിച്ചിരുന്നു. ഇതിന് ശാ്‌സ്ത്രീയാടിത്തറ നല്‍കിയാണ് മഹാലനാബിസ് ഒ.ആര്‍.എസ് വികസിപ്പിച്ചത്. വെള്ളത്തില്‍ നിശ്ചിത അളവ് പഞ്ചസാരയും(ഗ്ലൂക്കോസ്) ഉപ്പും(സോഡിയം) കലര്‍ത്തി ലായനി രൂപത്തിലാക്കി രോഗിക്ക് കുടിക്കാന്‍ നല്‍കുന്നതിലൂടെ നിര്‍ജ്ജലീകരണത്തെതുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാമെന്നായിരുന്നു കണ്ടുപിടുത്തം.
1971ലെ ഇന്ത്യാ – പാക് യുദ്ധ കാലത്ത് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബംഗാവ് അഭയാര്‍ത്ഥി ക്യാമ്പില്‍ കോളറ രോഗികളില്‍ ലനാബിസ് ഇത് പരീക്ഷിച്ചു. തന്റെ ജീവിതവും സമ്പാദ്യവും സമര്‍പ്പിച്ച് ഇതിനായി പ്രത്യേക ആശുപത്രി തന്നെ അദ്ദേഹം അഭയാര്‍ത്ഥി ക്യാമ്പില്‍ തുടങ്ങി. വലിയ വിജയമായതോടെ ലോകമെങ്ങും ഇത് ഏറ്റെടുത്തു. ലക്ഷക്കണക്കിന് വയറിളക്ക രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് വഴിയൊരുക്കി.
അതുവരെ കോളര രോഗികളിലെ മരണ നിരക്ക് 60 ശതമാനം വരെയായിരുന്നെങ്കില്‍ ഒ.ആര്‍.എസിന്റെ വരവോടെ ഇത് ഘട്ടം ഘട്ടമായി ഒരു ശതമാനത്തിലേക്ക് ചുരുങ്ങി. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാവുന്ന, വിഷൂചിക, കോളറ, ഹെപ്പറ്റൈറ്റിസ് എ ഇ, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഇന്ന് ഒ.ആര്‍.എസ് കണക്കാക്കപ്പെടുന്നു.
ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയില്‍ ഒ.ആര്‍.എസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1966 ല്‍ ഗവേഷണം നടത്തുന്ന വേളയിലാണ് മഹലനാബിസ് ഈ തെറാപ്പി വികസിപ്പിച്ചത്. ഡോക്ടര്‍മാരായ ഡേവിഡ് ആര്‍ നലിന്‍, റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്ക് ഒപ്പമായിരുന്നു ലനാബിസിന്റെ ഗവേഷണം. കല്‍ക്കത്ത സ്വദേശിയായ മറ്റൊരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഡോ.ശംഭു നാഥ് ഡേയുടെ സംഭാവനകളും ഈ രംഗത്ത് മാറ്റിനിര്‍ത്താനാവാത്തതായിരുന്നു. ഡോ. ഡേയുടെ ആത്മസമര്‍പ്പണത്തിന്റെ ഫലമായിരുന്നു കോളറ രോഗാണു സൃഷ്ടിക്കുന്ന ടോക്‌സിന്റെ (കോളറ എന്ററോടോക്‌സിന്‍) കണ്ടുപിടുത്തം.