X

ആരോപണങ്ങള്‍ക്കും കേസിനും പിന്നില്‍ മാഫിയാ സംഘം: വഖഫ് ബോര്‍ഡ് സി.ഇ.ഒ

കൊച്ചി: തനിക്കെതിരായ ആരോപണങ്ങള്‍ക്കും കേസിനും പിന്നില്‍ വഖഫ് സംരക്ഷണ വേദി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മൂവര്‍ സംഘത്തിന്റെ ഗൂഢാലോചനയെന്ന് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാല്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ 2018ല്‍ കോഴിക്കോട് വിജിലന്‍സ് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും, ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കിയതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വ്യാജ പരാതികളുമായി അധികാരികളുടെ മുന്നിലെത്തുന്ന ഒരു മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നല്‍കിയ അനേകം പരാതികള്‍ കോടതിയും അധികാരികളും തള്ളിയത് സംബന്ധിച്ച് ഒരു ധവള പത്രം തയ്യാറാക്കി വഖഫ് ബോര്‍ഡ് 2021ല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവര്‍ക്കെതിരെ ഡല്‍ഹിയിലെ കോടതിയില്‍ നല്‍കിയ കേസില്‍ തുടര്‍നടപടികള്‍ നടക്കുന്നുണ്ട്. വഖഫ് സംരക്ഷണം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മൂവര്‍ സംഘം വഖഫ് മാഫിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് മുമ്പ് വഖഫ് ബോര്‍ഡ് സി.ഇ.ഒ ആയിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 27,67,901 രൂപ വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നായിരുന്നു ആരോപണം.

ഔദ്യോഗിക വസതിയില്‍ താമസിച്ചിരുന്ന താന്‍ വാടക ഇനത്തില്‍ 26,80,000 രൂപ നല്‍കാന്‍ ചെലവിട്ടെന്നായിരുന്നു വ്യാജ ആരോപണങ്ങളിലൊന്ന്. മക്കളുടെ വിദ്യാഭ്യാസ ചെലവ് 10,40,022 രൂപയായിരുന്നുവെന്ന് ഇരിക്കെ 24,28,020 രൂപയെന്നാണ് കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ഹൈക്കോടതിക്ക് മുന്നില്‍ താന്‍ തെളിവ് സഹിതം ഹാജരാക്കി ബോധ്യപ്പെടുത്തി. തുടര്‍ന്ന് വിജിലന്‍സ് തന്നെ തന്റെ അവകാശവാദം ശരിയാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ കാലതാമസം നേരിട്ടതോടെ താന്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ച് മാര്‍ച്ച് രണ്ടിന് എഫ്.ഐ.ആര്‍ റദ്ദാക്കിയതായി തലശേരി വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നുവെന്നും ബി.എം. ജമാല്‍ പറഞ്ഞു.

Test User: