ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാല്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നതിന് വ്യക്തയില്ല. നിലവില്‍ ബി.ജെ.പി 113ഉം കോണ്‍ഗ്രസ് 108സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വസതിയില്‍ യോഗം ചേരുകയാണ്. 10 സീറ്റുകളില്‍ സ്വതന്ത്രരും ബി.എസ്.പിയും എസ്.പിയുമാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഇവിടെ കോണ്‍ഗ്രസിനാണ്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ഭരണം നിലനിര്‍ത്താനുള്ള അവസാന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് സൂചന.
എന്നാല്‍ മധ്യപ്രദേശില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ ബി.എസ്.പി നേതാവ് മായാവതി തങ്ങളുടെ എല്ലാ എം.എല്‍.എമാരോടും ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താനാണ് എം.എല്‍.എമാരോട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച രാജസ്ഥാനില്‍ നാളെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ എ.ഐ.സി.സി നിരീക്ഷണ അംഗമായി കെ.സി.വേണുഗോപാലിനെ കേന്ദ്രനേതൃത്വം ഇതിനോടകം തന്നെ നിയോഗിച്ചിട്ടുണ്ട്. ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.