ക്രിസ്മസ്, പുതുവത്സര ആഘോഷ കാലത്ത് മലയാളി കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക് മുറതെറ്റാതെ ഇത്തവണയും വാര്‍ത്തയായിരിക്കുന്നു. ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ ഇരുദിവസങ്ങളില്‍ 232.64 കോടിയുടെ മദ്യമാണ് കേരളീയര്‍ അകത്താക്കിയത്. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ വിറ്റുപോയ മദ്യത്തിന്റെ കണക്ക് മാത്രമാണിത്. സംസ്ഥാനത്തെ ബാറുകളിലൂടെയും മറ്റും ഇതിനെക്കാള്‍ ഒഴുകിയിട്ടുണ്ടാകും. അതുകൂടി ചേര്‍ത്തുവെക്കുമ്പോള്‍ മൊത്തം മദ്യവില്‍പന ഇരട്ടിയില്‍ അധികമാകുമെന്ന് തീര്‍ച്ച. ക്രിസ്മസ് തലേന്ന് വിറ്റുപോയത് 73 കോടിയുടെ മദ്യമാണെന്നാണ് കണക്ക്. ബെവ്‌കോ ഔട്ട്‌ലെറ്റിലൂടെ 65.88 കോടിയൂടെയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ട് കോടിയുടെയും വില്‍പന നടന്നു. കണക്കില്‍ പെടാത്ത മദ്യക്കച്ചവടം വേറെയും നടന്നിട്ടുണ്ട്. പുതുവത്സര ആഘോഷത്തിലേക്ക് എത്തിയപ്പോള്‍ മദ്യവില്‍പന റെക്കോഡ് കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 കോടിയുടെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുതുവത്സരത്തലേന്ന് ബെവ്‌കോയുടെ തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്‌ലെറ്റില്‍ മാത്രം ഒരു കോടി ആറ് ലക്ഷം രൂപയുടെ മദ്യം വിറ്റുപോയി.
ആഘോഷങ്ങള്‍ മദ്യത്തില്‍ മുങ്ങിക്കുളിച്ചായിരിക്കണമെന്ന വാശി മലയാളിക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഓണത്തിന് കോവിഡ് ഭീഷണിയും നിയന്ത്രണങ്ങളുമെല്ലാം ഉണ്ടായിട്ടും ഉത്രാട ദിനത്തില്‍ 78 കോടിയുടെ വില്‍പന നടന്നുവെന്നാണ് കണക്ക്. വിശേഷാവസരങ്ങളില്‍ മാത്രമല്ല, ദൈനംദിന മദ്യ ഉപയോഗവും കേരളത്തില്‍ കൂടുതലാണ്. ദേശീയ കുടുംബാരോഗ്യ സര്‍വെ പ്രകാരം മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം നമ്മുടെ സംസ്ഥാനത്തിനാണെന്ന വസ്തുത ഞെട്ടലോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. ഗ്രാമപ്രദേശങ്ങളില്‍ 18.7 ശതമാനവും നഗരങ്ങളില്‍ 21 ശതമാനവും പുരുഷന്മാര്‍ മദ്യപിക്കുന്നവരാണ്. പതിനഞ്ച് വയസിന് മുകളില്‍ മദ്യപിക്കുന്നവരുടെ ദേശീയ ശരാശരി 18.8 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 19.9 ശതമാനമാണ്. മദ്യമില്ലാത്ത ഒരു ആഘോഷത്തെയും വാരാന്ത്യത്തെയും കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത 40 ലക്ഷത്തോളം മലയാളികളുണ്ടെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാകും നാം എവിടെ എത്തിയിട്ടുണ്ടെന്ന്. ഇവരില്‍ 20 ലത്തോളം പേര്‍ സമനില തെറ്റുവോളം കുടിക്കുന്നവരാണ്. ഇന്ത്യയില്‍നിന്ന് നിര്‍മിക്കുന്ന വിദേശ മദ്യത്തിന്റെ 14 ശതമാനവും അകത്താക്കുന്നത് മലയാളികളാണെന്ന് പറഞ്ഞാല്‍ അതിശയോക്തി തോന്നേണ്ടതില്ല. മദ്യത്തിന്റെ സ്വന്തം നാടായി നമ്മുടെ സംസ്ഥാനം മാറുകയാണെന്ന് ചുരുക്കം.
മദ്യോപയോഗം ജില്ല തിരിച്ചു നോക്കുമ്പോള്‍ ആലപ്പുഴ മുന്നിലും മലപ്പുറം പിന്നിലുമാണ്. കേരളത്തില്‍ യുവ മദ്യപാനികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിച്ചു പൂസാകുന്നതുകൊണ്ട് കുറ്റബോധമോ ലജ്ജയോ തോന്നാത്ത സമൂഹമായി കേരളീയര്‍ മാറിക്കൊണ്ടിരിക്കുകയാണ്. മദ്യത്തിന്റെ ലഭ്യതയും കുടിയന്മാരുടെ എണ്ണവും കുറച്ചുകൊണ്ടുവരുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ പരമവാധി മദ്യം ഒഴുക്കിവിട്ട് ജനങ്ങളെ ഭ്രാന്തന്മാരാക്കി നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. യു.ഡി.എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ മുഴുവന്‍ തുറക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ മദ്യനയം പൂര്‍ണമായും അട്ടിമറിച്ചു. 2 സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചുകൊടുത്തു. ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 ആക്കി ചുരുക്കി. പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദാക്കി മദ്യപ്പുഴ ഒഴുക്കാന്‍ സര്‍ക്കാര്‍ പശ്ചാത്തലമൊരുക്കി. ഒരു പ്രദേശത്ത് മദ്യശാല അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അന്തിമാധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് എടുത്തുമാറ്റി. മദ്യലോബിക്ക് സംസ്ഥാനത്തെ തീറെഴുതിക്കൊടുത്തു. പൂട്ടിയവ തുറന്നതോടൊപ്പം പുതുതായി നിരവധി ബാറുകള്‍ അനുവദിച്ചുകൊടുത്തു. സംസ്ഥാന വ്യാപകമായി ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു. വിമാനത്താവളങ്ങളില്‍ അടക്കം വിദേശ മദ്യം ലഭ്യമാക്കി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സുകളില്‍ പോലും മദ്യ വില്‍പന ശാലകള്‍ തുറക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.