മധുര ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സര്‍വേ നടത്താമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലവില്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി. മസ്ജിദുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി പരിഗണിക്കവെ ആയിരുന്നു സുപ്രിം കോടതി വ്യക്തമാക്കിയത്.
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്മ മരവിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, മറ്റൊരു ഹരജി പരിഗണനയില്‍ ഉണ്ടെന്നും ഹൈക്കോടതി ഉത്തരവ് കൈവശമില്ലെന്നും ചൂണ്ടിക്കാട്ടി കേസ് സുപ്രിം കോടതി മാറ്റിവെക്കുകയായിരുന്നു.
കേസ് പരിഗണിക്കുന്ന അവസരത്തില്‍ പരാതികള്‍ വിശദമായി ബോധിപ്പിക്കാമെന്നും സുപ്രിംകോടതി മസ്ജിദ് കമ്മിറ്റി അഭിഭാഷകനെ അറിയിച്ചു. സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഇന്നലെയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്.
സര്‍വേ നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മീഷണര്‍മാരെ നിയമിക്കാനും കോടതിയില്‍ തീരുമാനമായിരുന്നു. തുടര്‍നടപടികള്‍ ഡിസംബര്‍ 18ന് കോടതി വീണ്ടും വാദം കേള്‍ക്കുമ്പോള്‍ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആയിരുന്നു ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ അഭിഭാഷകസംഘം നടത്തിയ സര്‍വേയുടെ അതേമാതൃകയിലുള്ള സര്‍വേ ആയിരിക്കും ഷാഹി ഈദ്ഗാഹ് മസ്ജിദിലും നടക്കുക.
മസ്ജിദിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് സര്‍വേക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞിരുന്നു. മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്.
13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 1669-70 കാലത്ത് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം. പള്ളിസമുച്ചയം പൊളിച്ച് അവിടെ തങ്ങള്‍ക്ക് ആരാധന നടത്താന്‍ അവസരം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.