മാഡ്രിഡ്: ചെല്‍സി മിഡ്ഫീല്‍ഡര്‍ ഏദന്‍ ഹസാര്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്ന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ബെല്‍ജിയംകാരനായ താരത്തെ സ്വന്തമാക്കാന്‍ റയല്‍ ശക്തമായ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബാര്‍സലോണയെയും ലയണല്‍ മെസ്സിയെയും പറ്റി താരം നടത്തിയ ചില പരാമര്‍ശങ്ങള്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസിനെ ചൊടിപ്പിച്ചതായി ‘കോട്ട് ഓഫ്‌സഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ചെല്‍സിക്ക് ബാര്‍സയാണ് എതിരാളികള്‍. ഇതേപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ഏറ്റവും മികച്ചവര്‍ക്കെതിരെ കളിക്കണം’ എന്നായിരുന്നു 26-കാരന്റെ പ്രതികരണം. ബാര്‍സലോണ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബും ലയണല്‍ മെസ്സി ഏറ്റവും മികച്ച താരവുമാണെന്നും ഹസാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ചിരവൈരികളെ പുകഴ്ത്തിയ ഹസാര്‍ഡിനെ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം റയല്‍ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ക്ലബ്ബ് പ്രസിഡണ്ട് തന്നെ ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നതാണ് കൗതുകമാകുന്നത്.
റയലില്‍ ചേരാന്‍ മാനസികമായി തയ്യാറെടുത്ത ഹസാര്‍ഡിന്റെ സ്വപ്‌നം പൂവണിഞ്ഞില്ലെങ്കില്‍ ഭാഗ്യം തുണക്കുക മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ്. ഹസാര്‍ഡിനായി വന്‍തുക നല്‍കാമെന്ന് മാഞ്ചസ്റ്റര്‍ ചെല്‍സിയെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.