X

മദ്രസകള്‍ക്ക് രജിസ്‌ട്രേഷന്‍; യോഗി സര്‍ക്കാര്‍ പിടി മുറുക്കുന്നു

മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി യു.പിയിലെ യോഗി സര്‍ക്കാര്‍ 15 ദിവസത്തേക്കു കൂടി നീട്ടി. സെപ്തംബര്‍ 30 വരെയാണ് നീട്ടിയതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ലക്ഷ്മിന നാരായണ്‍ ചൗധരി പറഞ്ഞു. പ്രത്യേകം ഉണ്ടാക്കിയ വെബ്‌സൈറ്റിലാണ് മദ്രസകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവരെ 2500 മദ്രസകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 18നാണ് സര്‍ക്കാര്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. മദ്രസകളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാനേജിങ് കമ്മിറ്റി തുടങ്ങിയവയുടെ വിവരങ്ങള്‍ സെപ്തംബര്‍ 15നകം സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് അതേദിസവം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. മദ്രസകളിലെ ക്രമക്കേടുകള്‍ തടയല്‍, നവീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സംസ്ഥാനത്തുടനീളം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത് 19000 മദ്രസകളാണ്. ഇതില്‍ 4600 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി ഫണ്ട് നല്‍കുന്നു. 560 മദ്രസകള്‍ മാത്രമാണ് മുഴുവന്‍ സര്‍ക്കാര്‍ പണവുമായി പ്രവര്‍ത്തിക്കുന്നത്.
സമയം നീട്ടി നല്‍കിയത് സ്വാഗതാര്‍ഹമാമെന്ന് മദ്രസാധ്യാപക അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സാഹബ് സമ പറഞ്ഞു. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന വേളയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കഴിഞ്ഞ ദിവസം 46 മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നിര്‍ത്തലാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇവയ്ക്കുള്ള സഹായം നിര്‍ത്തലാക്കിയത്.
നേരത്തെ, സ്വാതന്ത്ര്യദിനാഘോഷം വീഡിയോയില്‍ പകര്‍ത്തി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മദ്രസകള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്തെ മദ്രസകളില്‍ കുറച്ചു മാത്രാണ് ഈ ഉത്തരവ് അനുസരിച്ചിരുന്നത്. എല്ലാ വര്‍ഷത്തേയും പോലെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തങ്ങള്‍ക്കറിയാം എന്നായിരുന്നു മാനേജ്‌മെന്റുകളുടെ പ്രതികരണം.

chandrika: