X

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്രസകളുടെ കഴുത്ത് ഞെരിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ഷനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഉത്തർപ്രദേശ്, മധ്യപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൾ മതപാഠശാലകളുടെ പദവിയും സ്വത്വവും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാറുകൾ അത്തരം നടപടികളിൽ നിന്ന് പിന്തിരിയാണമെന്നും മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. മദ്രസകളെ സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശം തികച്ചും തെറ്റും നിയമവിരുദ്ധവും കമ്മീഷന്റെ പരിധിക്കപ്പുറവുമാണ്.
ഉത്തർപ്രദേശിലെ മദ്രസകളിൽ നടത്തിയ സർവേയിൽ അംഗീകാരമില്ലാത്ത മദ്രസകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ മാറ്റാനുള്ള നിർദ്ദേശം നിയമവിരുദ്ധവുമാണ്. 8449 അംഗീകൃതമല്ലാത്ത മദ്രസകളിൽ ദാറുൽ ഉലൂം ദയൂബന്ദ് പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ ഉൾപ്പെടുന്നത് ഭയാനകമാണ്. വിദ്യാർത്ഥികളെ മാറ്റാൻ ജില്ലാ മജിസ്ട്രേറ്റുമാരുടെ മേലുള്ള സമ്മർദ്ദം, അമുസ്ലിം വിദ്യാർത്ഥികളെ പുറത്താക്കൽ, ആർ.ടി.ഇ നിയമത്തിന് അനുസൃതമായി മുസ്‌ലിം വിദ്യാർത്ഥികളെ നിർബന്ധിക്കുക എന്നിവയെ എതിർക്കും.- അദ്ദേഹം വ്യക്തമാക്കി.
മദ്രസ വിദ്യാർത്ഥികൾ ദിവസവും സരസ്വതി വന്ദനം ചൊല്ലണമെന്ന മധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവ് അവരുടെ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 30(1) പ്രകാരം സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും നടത്തുവാനുമുള്ള മൗലികാവകാശം ഉണ്ട്. മദ്രസകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് സൗജന്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം സമുദായത്തിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും വികസനത്തിലും ഒരു പ്രധാന പങ്ക് വഹിച്ചവരാണ് മുസ്‌ലിം സമുദായം.
ഏകപക്ഷീയവും പൊടുന്നനെയുള്ളതുമായ ഈ നടപടി മദ്രസകളുടെ പ്രാചീനവും ചിട്ടയുമുള്ളതുമായ സമ്പ്രദായത്തെ തകർക്കാനും വിദ്യാഭ്യാസ നഷ്ടമുണ്ടാക്കാനുമുള്ള നിയമവിരുദ്ധമായ ശ്രമമാണെന്നും ഇ.ടി. പാർലമെന്റിൽ പറഞ്ഞു.

webdesk13: