X

‘മദ്രസകൾ അടച്ചുപൂട്ടണം’: അടച്ചില്ലെങ്കിൽ മറ്റ് വഴികൾ തേടും: ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: മദ്രസ അടപ്പിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും പ്രിയങ്ക് ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് രേഖകൾ പരിശോധിക്കുകയും നിരവധി കൂടിയാലോചനകൾ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നൽകുന്ന ധനസഹായം നിർത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻതന്നെ സ്കൂളുകളിലേക്ക് മാറണം. കേരളം മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും കനൂൻഗോ പറഞ്ഞു.

മദ്രസ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും എന്നാല്‍ ഉത്തരേന്ത്യയിലെ മദ്രസകളില്‍ ഫണ്ട് നല്‍കാറുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മതം അനുഷ്ഠിക്കാന്‍ ഇന്ത്യയില്‍ അവകാശം ഉണ്ടെന്നും ഇതിനെതിരെയുള്ള നിര്‍ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിർദേശിച്ച് കഴിഞ്ഞദിവസം ഇദ്ദേഹം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്.

webdesk14: